പശ്ചിമഘട്ടത്തില്‍ ബാള്‍സം പൂക്കള്‍ വിരിഞ്ഞു
മഴയെത്തിയതോടെ ഇടുക്കി ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കി പശ്ചിമഘട്ട മലനിരകളില്‍ ബാള്‍സം ചെടികള്‍ പൂത്തു.
പശ്ചിമഘട്ടത്തിലെ നനഞ്ഞ പാറക്കെട്ടുകളിലും കൃഷിയിടങ്ങളിലും ഇപ്പോള്‍ ബാള്‍സം പൂക്കളുടെ നീലിമയാണ്. 'ഇംപേഷ്യനന്‍സ്' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ബാള്‍സങ്ങള്‍ മഴക്കാലത്തു ഒരു സീസണില്‍ വളര്‍ന്ന് പുഷ്പിച്ചശേഷം നശിക്കുന്നവയാണ്.
900 വകഭേദങ്ങളാണ് ബാള്‍സങ്ങള്‍ക്കുള്ളത്. അതില്‍ 89 ഇനങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഇതില്‍ 60 ഇനങ്ങളും ഹൈറേഞ്ചിലെ നനഞ്ഞ പാറക്കെട്ടുകളിലും മരങ്ങളിലും തഴച്ചു വളരുന്നു.
കാലാവസ്ഥാവ്യതിയാനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ആദ്യ ഇരകളാണ് ബാള്‍സങ്ങള്‍. പശ്ചിമഘട്ടത്തിലെ മണ്ണെടുപ്പും ക്വാറികളും വേനല്‍ക്കാലത്തെ കാട്ടുതീയും ബാള്‍സം ചെടികളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.
ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍പോലും ഇവയുടെ വംശ നാശത്തിനിടയാക്കും. വനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നണ്ടോയെന്ന് പരിശോധിക്കാന്‍ ബാള്‍സങ്ങളുടെ കണക്കെടുത്താല്‍ മതി.
പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന ആനമല, മീശപ്പുലിമല, കൊളുക്കുമല, മൂന്നാര്‍, ഇരവികുളം, മതികെട്ടാന്‍ചോല എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന പത്തോളം ബാള്‍സങ്ങള്‍ വംശനാശ ഭീഷിണിയിലാണ്.
ഇവയില്‍ ഇംപേഷ്യന്‍സ് മൂന്നാറന്‍സ്, ഇംപേഷ്യന്‍സ് പല്ലിടി, ഇംപേഷ്യന്‍സ് ഓര്‍ക്കിയോയിന്‍സ്, ഫ്‌ലോറ എന്നിവ കടുത്ത വംശനാശഭീഷിണിയാണ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.ബാള്‍സങ്ങളുടെ പറുദീസയാണ് ഈര്‍പ്പമുള്ള പാറക്കെട്ടുകള്‍.
https://www.facebook.com/Malayalivartha