സോംബി വൈറസ് ബാധ മൂലം ശലഭപ്പുഴുക്കള്‍ പൊട്ടിത്തെറിക്കുന്നു!
അപൂര്‍വ്വ വൈറസ് ബാധിച്ച് ചിത്രശലഭപ്പുഴുക്കള്‍ കൂട്ടമായി ചാകുന്നു. ബ്രിട്ടനിലാണ് അത്യപൂര്‍വ്വമായ ഈ പ്രതിഭാസം നടക്കുന്നത്. സോംബി വൈറസ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസ് ബാധ കാരണം ചിത്രശലഭപ്പുഴുക്കള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വരികയും ഉടന്‍ തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ശത്രുക്കളെ പേടിച്ചൊളിച്ചിരിക്കുന്ന ഈ പുഴുക്കളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് ഈ വൈറസ്.
പക്ഷികളുടെയും മറ്റും കണ്ണില്‍്‌പ്പെടാതെ ഇലകള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയാണ് പുഴുക്കളുടെ സ്വഭാവം. എന്നാല്‍ സോംബി വൈറസ് ഇവയെ നിയന്ത്രിക്കുമ്പോള്‍ ഈ സ്വഭാവത്തില്‍ നിന്നു വ്യതിചലിച്ച് ചെടികളുടെ മുകളിലേക്ക് സഞ്ചരിക്കാന്‍ ഇവര്‍ പ്രേരിതരാകും. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതേത്തുടര്‍ന്ന് മറ്റ് പുഴുക്കളിലേക്കും രോഗം ബാധിക്കും. ഇതിനാലാണ് വൈറസിനെ സോംബി എന്ന് വിശേഷിപ്പിക്കുന്നത്.
ബാക്കുലോ വൈറസ് എന്നാണ് ഇതിന് ഗവേഷകര്‍ നല്കിയിരിക്കുന്ന പേര്. ഈ വൈറസ് ലക്ഷ്യം വച്ചിരിക്കുന്നത് ഓക്ക് എഗ്ഗര്‍ മോത്ത് എന്നയിനത്തില്‍പെട്ട പുഴുക്കളെയാണ്. ഇത്തരത്തിലുള്ള അവസ്ഥ മറ്റ് പുഴുക്കളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വൈറസ് ബാധയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നത് ഓക്ക് എഗ്ഗര്‍ മോത്ത് വിഭാഗത്തില്‍പെട്ട ചിത്രശലഭങ്ങള്‍ മാത്രമാണ്. ഇവരുടെ ശരീരത്തിലെ ജലാംശത്തിന്റെ വര്‍ധനയാണ് ഇതിനു കാരണമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.
ലാര്‍ജ് ഹീത്ത് എന്നയിനം ചിത്രശലഭങ്ങളുടെ പുഴുക്കളാണ് ഓക്ക് എഗ്ഗര്‍ മോത്തുകള്‍.ലാര്‍ജ് ഹീത്ത് ഇനത്തില്‍പെട്ട ചിത്രശലഭങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷകര്‍ കുറെ നാളുകള്‍ക്കു മുമ്പേ ഈ പ്രതിഭാസം കണ്ടുപിടിച്ചതാണ്.
https://www.facebook.com/Malayalivartha