സിനിമയുടെ തിരക്കഥയെയും വെല്ലുന്നു സിനിമ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ച സന്ദേശം
'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമ, നിര്‍മ്മാതാവ് ലിസ്റ്റണ്‍ സ്റ്റീഫനും സംവിധായകന്‍ അന്‍വര്‍ റഷീദിനും തിരക്കഥാകൃത്ത് അഞ്ജലി മേനോനും നായകന്‍ ദുല്‍ക്കറിനുമെല്ലാം നല്‍കിയ മൈലേജ് ചില്ലറയല്ല. മലയാളത്തിലെ മികച്ച പണംവാരി പടങ്ങളിലൊന്നായി സിനിമാ മാറുകയും ചെയ്തു. എന്നാല്‍ സിനിമയുടെ തിരക്കഥയെയും വെല്ലുകയാണ് സിനിമ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്ന സന്ദേശം.
സിനിമ വെച്ച ആശയം കടമെടുത്ത മധുര കോര്‍പ്പറേഷന്‍ നഗരത്തില്‍ എത്തുന്നവരുടെ പട്ടിണി മാറ്റാന്‍ സൗജന്യഭക്ഷണം ലഭ്യമാക്കുന്ന 'പശിയില്ലാ മധുരൈ' എന്നൊരു പദ്ധതി തന്നെ തുടങ്ങി. മധുര സര്‍ക്കാരാശുപത്രിയില്‍ 12.30-നുശേഷം ചെല്ലുന്നവര്‍ക്ക് പദ്ധതിയുടെ ഇംപാക്ട് കാണാനാകും. രോഗികളും കൂട്ടിരിപ്പുകാരുമായി ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂ.
പലകരങ്ങള്‍ എന്ന എന്‍ജി ഒ യാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നല്ല ചൂടന്‍ സാമ്പാര്‍ സാദം, കട്ടതൈര്, കൂട്ടത്തില്‍ അന്നത്തെ ഉച്ചഭക്ഷണവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കും. മധുര കോര്‍പ്പറേഷനും പല കരങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന 'പശിയില്ലാ മധുരൈ' പദ്ധതിയാണ് ഏവര്‍ക്കും ആഹാരം നല്‍കുന്നത്. ഉസ്താദ് ഹോട്ടലില്‍ നിന്നും പ്രചോദനം കൊണ്ട്് മൂന്ന് മാസമായി ദിവസം 550 പേര്‍ക്കാണ് ഇവിടെ നിന്നും സൗജന്യഭക്ഷണം കിട്ടുന്നത്.
എല്ലാം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ് അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു ചന്ദ്രന്‍ ഉസ്താദ് ഹോട്ടല്‍ സിനിമ കണ്ടത് മുതലാണ്. മധുരയില്‍ പട്ടിണി കിടക്കുന്നവര്‍ക്കായി ഒരു കഥാപാത്രം ഭക്ഷണം വിതരണം ചെയ്യുന്നത് സിനിമയിലുണ്ട്. ചുമതല ഏറ്റെടുത്ത് മധുരയിലേക്ക് വരുമ്പോള്‍ സിനിമ പറഞ്ഞ ആശയം അപ്രതീക്ഷിതമായി മനസ്സിലേക്ക് കടന്നു വരികയായിരുന്നു. പിന്നീട് കോര്‍പ്പറേഷന്‍ കമ്മീഷണറുമായി ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമോ എന്ന് സമീപത്തെ ഹോട്ടലുകാരോട് കയറിയിറങ്ങി ചോദിച്ചു.
പിന്നീട് പരിപാടിയിലേക്ക് പല കരങ്ങള്‍ കൂടി എത്തുകയായിരുന്നു. ഭക്ഷണ വിതരണത്തിന് ആദ്യം ആശുപത്രി തെരഞ്ഞെടുക്കാന്‍ കാരണം ഇവിടെ ഭക്ഷണം ആവശ്യമുള്ള അനേകരുണ്ടെന്ന കണ്ടെത്തലാണ്. ദിവസേന മധുര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നത് 9000 മുതല്‍ 10,000 പേര്‍ വരെയാണ്. എല്ലാ വിഭാഗത്തിലും 1520 രോഗികളെയാണ് അഡ്മിറ്റ് ചെയ്യുന്നത്. അവര്‍ അവിടെ രണ്ടാഴ്ചയും മൂന്നാഴ്ചയും കിടക്കാറുണ്ട്. അമ്മാ ഉണവാഗത്തിന്റെ മൂന്ന് കാന്റീനുകളിലും കൂടിയുള്ള ഭക്ഷണം മതിയാകുകയില്ല.
സര്‍വേ പ്രകാരം 960 പേര്‍ക്കെങ്കിലും ദിനംപ്രതി ഭക്ഷണം വേണ്ടി വരുമെന്നാണ് സംരംഭത്തിന്റെ കണ്ടെത്തല്‍. 2017 ഏപ്രില്‍ 29 മുതലായിരുന്നു ഭക്ഷണ വിതരണം തുടങ്ങിയത്. തുടക്കത്തില്‍ 500 പൊതി ഭക്ഷണമാണ് കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ അത് 550-600 വരെ ആയി. മീനാക്ഷി കേറ്റേഴ്‌സ് എന്ന സ്ഥാപനം ജനുവരി മുതല്‍ 150 പൊതികള്‍ വീതം നല്‍കാറുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഭക്ഷണവിതരണം ചെയ്യുന്നതിനായി എട്ടു മുതല്‍ 10 വരെ വോളണ്ടിയര്‍മാര്‍ ദിനംപ്രതി ജോലി ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha