പ്രാവുകളുമായുള്ള അപൂര്‍വ ചങ്ങാത്തം കൗതുകമാകുന്നു!
ഇപ്പോള്‍ തൃശൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസവും ഉച്ചയായാല്‍ മുടങ്ങാതെ എത്തുന്ന ചില അതിഥികളാണ് അവിടത്തെ ശ്രദ്ധാകേന്ദ്രം. അന്‍പതോളം വരുന്ന ഈ അതിഥികള്‍ എത്തുന്നത് ഒരാളെ കാണാന്‍വേണ്ടി മാത്രമാണ്.
പച്ചക്കറി മാര്‍ക്കറ്റിലെ 68-ാം നമ്പര്‍ കടമുറി ലക്ഷ്യമാക്കി ദിവസവും അതിഥികളായി എത്തുന്നത് ഒരുകൂട്ടം പ്രാവുകളാണ്. ഈ കടയിലെ ജീവനക്കാരനായ പടവരാട് പുത്തനങ്ങാടി അറയ്ക്കല്‍ ജോസിനെ കാണാനാണ് ഇവ എത്തുന്നത്.
ഒന്നര മാസം മുന്‍പാണു ജോസും പ്രാവുകളും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് 2.30-നു കടയുടെ മുന്നില്‍ കണ്ട പ്രാവിനു ജോസ് അരിമണി നല്‍കുകയായിരുന്നു. പിറ്റേന്ന് അതേ സമയത്തു മറ്റൊരു പ്രാവിനെയും കൂട്ടി എത്തിയപ്പോഴും ജോസ് അരിമണി നല്‍കി. പിന്നീട് ഓരോ ദിവസവും പ്രാവുകളുടെ എണ്ണം കൂടിത്തുടങ്ങി. ദിവസവും വീട്ടില്‍നിന്ന് അരി കൊണ്ടുവന്നു നല്‍കാറാണു പതിവ്.
പ്രാവുകളുടെ എണ്ണം കൂടിയതോടെ തൊട്ടടുത്ത കടയിലെ ചിയ്യാരം കാട്ടൂക്കാരന്‍ ആന്റോ സഹായത്തിനെത്തി. തന്റെ കടയില്‍ വില്‍ക്കുന്ന പൊട്ടുകടല ജോസിനു സൗജന്യമായി നല്‍കിത്തുടങ്ങി. പൊട്ടുകടല നല്‍കിയതോടെ വീണ്ടും പ്രാവുകളുടെ എണ്ണം കൂടി. ഇപ്പോള്‍ പല വര്‍ണ്ണങ്ങളിലായി അന്‍പതോളം പ്രാവുകളാണു ദിവസവും എത്തുന്നത്. പ്രാവുകളുടെ എണ്ണം എത്രയായാലും സുഹൃത്തുക്കളുടെ സഹായത്തോടെ ഭക്ഷണം കൊടുക്കുമെന്നാണു ജോസ് പറയുന്നത്.
https://www.facebook.com/Malayalivartha