ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി
അമേരിക്കയിലെ കന്‍സാസില്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഈ വര്‍ഷം ഒരു പതിനാറുകാരനുമുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജാക്ക് ബര്‍ഗിന്‍സാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നയാള്‍. തത്സ്ഥാനത്തേക്ക് മത്സരിക്കാന്‍ കന്‍സാസില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രായപരിധിയുണ്ട്.
കുട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ അവസരം ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് എ.ബി.സി നെറ്റ്‌വര്‍ക്കിലെ ഹാസ്യപരിപാടിയായ ജിമ്മി കിമ്മെല്‍ ലൈവില്‍ ജാക്ക് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താനുള്ള പ്രായംപോലും ജാക്കിനില്ലെന്നതാണ് മറ്റൊരു വസ്തുത.
ജാക്കിന്റെ സഹപാഠിയായ അലക്‌സാണ്ടര്‍ ക്ലിനെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് ജാക്കിന്റെ മത്സരം. അദ്ധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനയും കന്‍സാസിന്റെ ആരോഗ്യ സംരക്ഷണവുമാണ് ജാക്കിന്റെ വാഗ്ദാനങ്ങള്‍.
https://www.facebook.com/Malayalivartha