മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി, വരി നില്‍ക്കാതെ മദ്യം വാങ്ങാനായി പണം നല്‍കിയപ്പോള്‍ കിട്ടിയതോ ?
ഒന്നു മിനുങ്ങാന്‍ താത്പര്യമുള്ളവരാണ് ബഹുഭൂരിപക്ഷമെങ്കിലും റോഡിന്റെ വക്കില്‍ ക്യൂ നില്‍ക്കാന്‍ പലരുടെയും മാന്യത അനുവദിക്കാറില്ല. അങ്ങനെ വരി നില്‍ക്കാന്‍ മടിയുള്ള ഒരു മാന്യന് കിട്ടിയ എട്ടിന്റെ പണിയാണ് പെരുമ്പാവൂര്‍ ബിവ്‌റിജസ് ഔട്‌ലെറ്റില്‍ നടന്നത്.
മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയാണു അദ്ദേഹം കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം മദ്യം വാങ്ങാന്‍ എത്തിയത്. തിരക്കായതിനാല്‍ വരി നില്‍ക്കാനൊരു മടി.
മാത്രമല്ല, സമൂഹത്തില്‍ അല്‍പം മാന്യതയുള്ളതിനാല്‍ ആരെങ്കിലും കാണുമോയെന്ന പേടിയും. ഇങ്ങനെ ശങ്കിച്ചു നില്‍ക്കുമ്പോള്‍ അതാ ഒരു ചെറുപ്പക്കാരന്‍ മുന്നില്‍. 'ചേട്ടന് ഏതു ബ്രാന്‍ഡാണ് വേണ്ടത്, പണം തന്നാല്‍ മതി ഞാന്‍ വാങ്ങിയിട്ടു വരാം'.
ചെറിയ കമ്മിഷന്‍ കൊടുത്താല്‍ വരി നിന്നു മദ്യം വാങ്ങുന്നവരുണ്ടെന്നറിയാമായിരുന്ന അദ്ദേഹം പണം നല്‍കി ബ്രാന്‍ഡിന്റെ പേരു പറഞ്ഞു. അയാള്‍ വരിയിലെവിടെയോ കയറിപ്പറ്റുന്നതും കണ്ടു. പത്തു മിനിറ്റു കഴിഞ്ഞില്ല; പറഞ്ഞ ബ്രാന്‍ഡുമായി ചെറുപ്പക്കാരനെത്തി. കമ്മിഷന്‍ പോലും ചോദിക്കാതെ ആ ചെറുപ്പക്കാരന്‍ പോയപ്പോള്‍ എന്തു നല്ല മനുഷ്യന്‍ എന്നു മനസ്സില്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പം ഒന്നു മിനുങ്ങാനിരുന്നപ്പോഴാണ് ചതി പറ്റിയതു മനസ്സിലാകുന്നത്.
നല്ല കടുപ്പത്തിലുണ്ടാക്കിയ കട്ടന്‍ ചായ കുപ്പിയില്‍ നിറച്ച് അടപ്പ് പശ തേച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. ദോഷം പറയരുതല്ലോ നല്ല മധുരമുള്ള, കടുപ്പമുള്ള ചായയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സാക്ഷ്യം. പിറ്റേന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തും ഇത്തരത്തില്‍ ചതിക്കപ്പെട്ടു എന്നതാണു വിചിത്രം. മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം വാങ്ങി മുങ്ങുന്ന സംഘം ഇവിടെ സജീവമാണ്.
എന്നാല്‍, കട്ടന്‍ചായ കുപ്പിയിലാക്കി കബളിപ്പിക്കുന്നത് ആദ്യമാണ്. വരിയില്‍ നില്‍ക്കാതെ മാറിനില്‍ക്കുന്ന മാന്യന്‍മാരെയാണ് ഇവര്‍ ഇരകളാക്കുന്നത്.
https://www.facebook.com/Malayalivartha