ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനും പരിസരവും ദേശാടനപ്പക്ഷികള്‍ കൈയടക്കി
ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനും പരിസരവും ഇപ്പോള്‍ ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാണ്. ചേരക്കോഴി, നീര്‍ക്കാക്ക, വിവിധയിനം കൊക്കുകള്‍ തുടങ്ങി നൂറുകണക്കിനു പക്ഷികളാണ് ഇവിടുത്തെ വലിയ മരങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ദേശാടനപ്പക്ഷികള്‍ നമ്മുടെ അതിഥികളാണെങ്കിലും ഇവ ഇത്തരം ജനവാസകേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവ വഴിതുറക്കുന്നു.
ഭക്ഷ്യ ലഭ്യതയും ജനങ്ങളുടെ സാന്നിധ്യവും രാത്രിയിലെ വെളിച്ചവുമാകാം പക്ഷികളെ ഇവിടേക്കാര്‍ഷിച്ചത്. ഒരു പക്ഷി ഒരു ദിവസം ഏകദേശം 3.5 കിലോയോളം മത്സ്യങ്ങളെയോ ചെറിയ ജീവികളേയോ ഭക്ഷണമാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രദേശത്തെ ജലജന്തുജീവി വര്‍ഗങ്ങളുടെ സംന്തുലനാവസ്ഥയെയും സാരമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അടുത്തുള്ള കുളങ്ങളിലെയും മറ്റും ചെറു ജലസംഭരണികളിലെയും മീനുകളും തവളകളുമൊക്കെയാണ് ദേശാടനപ്പക്ഷികളുടെ ഭക്ഷണം. ഇതുകാരണം ഇവിടുത്തെ സംഭരണികളില്‍ കൊതുകുള്‍ പെരുകുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
പലതരം പനി പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് പക്ഷികളെ ഇവിടെ നിന്നും ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ യാത്രക്കാര്‍ക്ക് കടന്നു പോകാനാകുന്നില്ല. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന വാഹനങ്ങളും വിസര്‍ജ്യം വീണ് വൃത്തികേടായ നിലയിലാണ്. ഇതുകൂടാതെ മഴവെള്ളത്തോടൊപ്പം ഈ വിസര്‍ജ്യങ്ങള്‍ ഒലിച്ച് സമീപത്തുള്ള തോടുകളിലും പരിസരപ്രദേശങ്ങളിലുമൊക്കെ എത്തുന്നുണ്ട്.
റെയില്‍വേ സ്‌റ്റേഷനിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോ ടാക്‌സി െ്രെഡവര്‍മാര്‍ക്കും സമീപത്തുള്ള കടകളിലെ ജീവനക്കാര്‍ക്കിടയിലും ശ്വാസകോശരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷിശല്യം കാരണം ശ്വാസകോശ രോഗങ്ങളുള്ള സ്ഥിരയാത്രക്കാര്‍ ഇപ്പോള്‍ ഇതുവഴിയുള്ള ട്രെയിന്‍ യാത്ര ഒഴിവാക്കിയതായും റെയില്‍വേ അധികൃതരും അറിയിച്ചു.
വന്‍തോതില്‍ മാലിന്യവും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പക്ഷികളെ തുരത്താനുള്ള മാര്‍ഗമന്വേഷിക്കുകയാണ് പ്രദേശവാസികള്‍. സമീപത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളും റെയില്‍വേയുമായി ചേര്‍ന്ന് ഹൈ ഫ്രീക്വെന്‍സി തരംഗങ്ങളോ മറ്റു സംവിധാനങ്ങളോ ഉപയോഗിച്ച് ഇവയെ തുരത്താന്‍ ശ്രമിക്കണമെന്ന അപേക്ഷയും ഇവര്‍ക്കുണ്ട്. അങ്ങനെ പക്ഷികളെ ഓടിക്കാനായാല്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് മരം മുറിക്കാതെ തന്നെ പരിഹാരം കണ്ടെത്താനാകും.
https://www.facebook.com/Malayalivartha