പക്ഷികളെ നാട്ടുകാര്‍ കൊന്നൊടുക്കിയപ്പോള്‍ അവയെ സംരക്ഷിക്കാന്‍ 70 അംഗ സ്ത്രീകൂട്ടായ്മ നടത്തിയ പോരാട്ടത്തിന്റെ കഥ
അസമിലെ ദാദ്ര ഗ്രാമത്തിലെ സ്ത്രീകളോട് ഒരു പക്ഷിയെ സംരക്ഷിക്കാന്‍ വേണ്ടി നിങ്ങള്‍ എന്തു ചെയ്യും? എന്നു ചോദിച്ചാല്‍ എന്തും എന്നായിരിക്കും ഉത്തരം. ചുമ്മാ പറയുന്നതല്ല! ലോകത്ത് എവിടെയും കാണാത്ത തരം പോരാട്ട കഥയുണ്ട് ഇതിനു പിന്നില്‍. കൊക്ക് വര്‍ഗത്തില്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന അഡ്ജുട്ടന്റ് സ്‌റ്റോര്‍ക് അഥവാ വയല്‍ നായ്ക്കന്‍ എന്ന പക്ഷിയെ രക്ഷിക്കാന്‍ 70 സ്ത്രീകള്‍ നടത്തിയ ശ്രമങ്ങള്‍ ആരെയും അല്‍ഭുതപ്പെടുത്തും.
കണ്ടാല്‍ ഇഷ്ടം തോന്നാത്ത പക്ഷി. തവിട്ടും കറുപ്പും കലര്‍ന്ന നിറം. ചാര നിറത്തിലുള്ള കൂര്‍ത്ത കൊക്കുകള്‍. മാലിന്യങ്ങള്‍ക്കിടയിലാണ് കാണപ്പെടുന്നത്. ഇഷ്ടഭക്ഷണം ചത്തടിഞ്ഞ മൃഗങ്ങള്‍. അരോചകമായ ശബ്ദം. പ്രാദേശിക പേര് ഹര്‍ഗില്ല .സംസ്‌കൃതത്തില്‍ ' എല്ലു വിഴുങ്ങി' എന്നര്‍ഥം. ഇടയ്ക്കിടെ വെള്ളപ്പൊക്കമണ്ടാവുന്ന ദാദ്ര, പസാരിയ, സിംഗിമാരി എന്നിവടങ്ങളിലെ ചതുപ്പു നിലയങ്ങള്‍ ഇവയ്ക്ക് തികച്ചും അനുയോജ്യമായിരുന്നു. ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അസമിലാണ്.
എന്നാല്‍ പ്രദേശവാസികള്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു ഈ പക്ഷിയോട്. തങ്ങളുടെ ആടുമാടുകളെയും കോഴികളേയും കൊത്തിയെടുക്കാന്‍ തക്കം പാര്‍ക്കുന്ന പക്ഷിയെ എല്ലാവരും വെറുത്തു. ഈ പക്ഷി പരിസരത്തുണ്ടെങ്കില്‍ വീട്ടില്‍ ദൗര്‍ഭാഗ്യം വരും എന്നു വരെ വിശ്വസിച്ചു. പക്ഷിയെ നാട്ടില്‍നിന്ന് തുരത്താന്‍ ജനം തീരുമാനിച്ചു. എട്ടു കിലോ തൂക്കം വരുന്ന ഈ വമ്പന് താമസിക്കാന്‍ നല്ല ഉറച്ച ഉയരമുള്ള മരങ്ങള്‍ വേണം. പക്ഷിയെ ഇല്ലാതാക്കാനായി ഇത്തരത്തിലുള്ള മരങ്ങള്‍ എവിടെ കണ്ടാലും നാട്ടുകാര്‍ വെട്ടിയിടും. അവിടം കൊണ്ട് നിന്നില്ല. പക്ഷിയുടെ കൂട് കത്തിക്കുക, വെടിവയ്ക്കുക, മുട്ടകള്‍ നശിപ്പിക്കുക അങ്ങനെ പലതരത്തില്‍ ദ്രോഹിച്ചു... പതിയെ അവ ഈ ലോകത്തോട് തന്നെ വിടപറയാനൊരുങ്ങി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ വയല്‍നായ്ക്കന്‍ മുന്‍പന്തിയിലായി.
വയല്‍നായ്ക്കന്റെ എണ്ണത്തില്‍ വന്ന വന്‍കുറവ് ആദ്യമായി ശ്രദ്ധിച്ചത് അസമിലെ ജന്തുശാസ്ത്രജ്ഞയായ പൂര്‍ണിമ ദേവി ബര്‍മനാണ് . 'പ്രദേശത്തിന്റെ ജൈവവൈവിധ്യവുമായി അഗാധ ബന്ധമുണ്ട് വയല്‍നായ്ക്കന്. ഇവയുടെ എണ്ണം കുറഞ്ഞാല്‍ അത് മുഴുവന്‍ പ്രദേശത്തേയും ബാധിക്കും. ആലോചിച്ചപ്പോള്‍ ഇവിടെയുള്ള സ്ത്രീകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അസമില്‍ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് സ്ത്രീകളാണ്. അവര്‍ വിചാരിച്ചാലേ എന്തെങ്കിലും നടക്കുകയുള്ളൂ ബര്‍മന്‍ പറയുന്നു.
പതിയെ ബര്‍മന്‍ മൂന്ന് ഗ്രാമങ്ങളിലെയും സ്ത്രീകളെ കണ്ട് സംസാരിച്ചു. ഭക്ഷ്യശൃംഖലയെ കുറിച്ചും വയല്‍നായ്ക്കന് ചതുപ്പു നിലയങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. ഹിന്ദു പുരാണത്തില്‍ വിഷ്ണുവിന്റെ വാഹകനായിരുന്നു ഈ പക്ഷിയെന്ന് ഓര്‍മിപ്പിച്ചു. പക്ഷിയെ ഓടിക്കാനായി മരം വെട്ടുമ്പോഴുണ്ടാവുന്ന അപകടം വിശദീകരിച്ചു. ബര്‍മന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ബോധ്യമായ 70 സ്ത്രീകള്‍ ചേര്‍ന്ന് 'ഹര്‍ഗില്ല ആര്‍മി ' അഥവാ 'വയല്‍നായ്ക്കന് വേണ്ടിയുള്ള പട്ടാളം' ആരംഭിച്ചു പിന്നീടങ്ങോട്ട് പോരാട്ടമായിരുന്നു. എന്നും വീട്ടു പണികള്‍ കഴിഞ്ഞാല്‍ 14 ഗ്രൂപ്പുകളിലായി അഞ്ച് പേര്‍ വീതം പല വഴിക്ക് തിരിയും. കാണുന്ന വീടുകളിലെല്ലാം കയറും. പക്ഷിയെ കുറിച്ച് ബോധവല്‍ക്കരിക്കും.
സ്‌കൂളുകളില്‍ ചെന്ന് വിദ്യാര്‍ഥികളോട് സംസാരിക്കുന്നതായിരുന്നു മറ്റൊരു പ്രധാന പരിപാടി. 'ഹര്‍ഗില്ല' എന്ന വിഷയത്തില്‍ പല മല്‍സരങ്ങള്‍ നടത്തി. പക്ഷിയുടെ പ്രതിമ പലയിടങ്ങളിലും സ്ഥാപിച്ചു. പക്ഷിയുടെ പടം തുണികളില്‍ നെയ്‌തെടുത്ത് വിതരണം ചെയ്തു. ചിലപ്പോള്‍ ബര്‍മന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ തെരുവോരങ്ങളില്‍ മൈമുകളും നാടകങ്ങളും അവതരിപ്പിച്ചു. പക്ഷിയെക്കുറിച്ച് പാട്ടുകള്‍ രചിച്ച് പൊതുസമ്മേളനങ്ങളില്‍ ആലപിക്കും.ഹര്‍ഗില്ല ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഇന്ന് ലോകത്താകെയുള്ള വയല്‍നായ്ക്കന്റെ എണ്ണം 1300-ന് അടുത്താണ്. അതില്‍ അഞ്ഞൂറോളം അസമിലാണുള്ളത്.
https://www.facebook.com/Malayalivartha