ഐറിഷ് പ്രധാനമന്ത്രിയെ ഭക്ഷണത്തിന് കാത്തുനില്‍പ്പിച്ച ഐറിഷ് പെണ്‍കുട്ടി !
സ്വന്തം ജനങ്ങള്‍ പോലും തിരിച്ചറിയുന്നില്ലെങ്കില്‍, പിന്നെ പ്രധാനമന്ത്രിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഐറിഷ് പ്രധാനമന്ത്രിക്ക് ഇങ്ങനൊരു ഗതികേട് വരുമായിരുന്നോ? അദ്ദേഹത്തിന് എന്താ പറ്റിയതെന്നോ? ഷിക്കാഗോയില്‍ ഒരു റസ്റ്ററന്റില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ? അയര്‍ലന്‍ഡുകാരിയായ വെയ്റ്റ്‌റസ് എമ്മ കെല്ലിയാണ് 'കഥയിലെ' നായിക. എമ്മ തന്നെയാണ് താന്‍ അറിയാതെ പ്രധാനമന്ത്രിയെ കാത്തുനിര്‍ത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചതും.
ഷിക്കോഗോയില്‍ ബയോ മെഡിക്കല്‍ സയന്‍സിന് പഠിക്കുകയാണ് എമ്മ. ഒപ്പം ഒരു റസ്റ്ററന്റിലും ജോലി നോക്കുന്നു. എമ്മയുടെ റസ്റ്ററന്റില്‍ കഴിഞ്ഞ ദിവസം അയര്‍ലന്‍ഡ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ എത്തി. വലിയ ലുക്കൊന്നും തോന്നാത്തതിനാല്‍ ചെറിയൊരു ടേബിളിലേക്ക് അദ്ദേഹത്തെ എമ്മ ആനയിച്ചു. തന്റെ പ്രധാനമന്ത്രിയോട് നിങ്ങള്‍ ഐറിഷ് ആണോ, ഞാനും അതേ എന്നു കുശലം പറയാനും എമ്മ മടിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എമ്മയുടെ സുഹൃത്ത് ആളെത്തിരിച്ചറിഞ്ഞ് വിവരം എമ്മയോട് പറഞ്ഞപ്പോഴാണ് എമ്മയ്ക്ക് അക്കിടി മനസ്സിലായത്. ക്ഷമ ചോദിച്ച് ഉടനെതന്നെ വലിയ ടേബിളിലേക്ക് അദ്ദേഹത്തെ വിളിച്ചിരുത്തി.
എന്നാല്‍ പ്രധാനമന്ത്രിക്ക് സംഭവത്തില്‍ തെറ്റൊന്നും തോന്നിയുമില്ല. ഭക്ഷണശേഷം എമ്മയ്ക്കും സുഹൃത്തിനുമൊപ്പം ഫോട്ടോ എടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. സാധാരണക്കാരനായി പരിഗണിക്കപ്പെട്ടതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ക്ഷമ ചോദിച്ചുകൊണ്ടുളള എമ്മയുടെ ട്വീറ്റിന് ലിയോ വരദ്കര്‍ മറുപടി നല്‍കിയതില്‍ തനിക്ക് നല്‍കിയ സേവനത്തിന് നന്ദി പറയുകയും, പഠിത്തം ആസ്വദിക്കാന്‍ ആശംസിക്കുകയുംചെയ്തു. കഴിഞ്ഞ ജൂണിലാണ് വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായത്.
നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ഇദ്ദേഹം പ്രധാനമന്ത്രിയായതുമെല്ലാം എമ്മ അറിയാഞ്ഞിട്ടല്ല. ആള്‍ പെട്ടെന്ന് ഷിക്കാഗോയില്‍, അതും തന്റെ റസ്റ്ററന്റില്‍ കയറി വരുമെന്നു മാത്രം പാവം നിനച്ചില്ല.
https://www.facebook.com/Malayalivartha