ബാങ്കില്‍ നിന്നും കോടികളുടെ നോട്ട് എടുക്കാതെ 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി!
മുന്നില്‍ കോടികളുടെ നോട്ടുകെട്ടുകള്‍ കണ്ടിട്ടും അവര്‍ അതൊന്ന് തൊട്ടുനോക്കിപോലുമില്ല. പകരം 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ ചുമന്നുകൊണ്ടു പോയി. ഈ 'ത്യാഗ'മെന്നും പോലീസിനു വിഷയമായില്ല. പോലീസ് കള്ളന്മാരെ പൊക്കി.ഡല്‍ഹി മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ നിന്നും നോട്ടുകെട്ടുകള്‍ എടുക്കാതെ ലക്ഷങ്ങളുടെ നാണയങ്ങള്‍ മോഷ്ടിച്ച മൂന്ന് കള്ളന്മാര്‍ അകത്തായി.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്ന മൂന്നു സുഹൃത്തുക്കളാണ് അകത്തായത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖയില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ മോഷണം നടത്തിയത്.
ഒരു സിനിമ കണ്ടാണ് ഇവര്‍ മോഷണത്തിനു പദ്ധതി രൂപപ്പെടുത്തിയത്. മുഖം മറച്ചെത്തി ബാങ്കിന്റെ ജനാല തകര്‍ത്താണ് ഉള്ളില്‍ കടന്നത്. മുന്നില്‍ 2000 രൂപയുടെ നോട്ടുകളാണ് ആദ്യം കണ്ടത്. നോട്ടുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് അഭ്യൂഹമാണ് ഇവരെ ഭയപ്പെടുത്തിയത്. ചിപ്പുകളെ പിന്തുടര്‍ന്നു തങ്ങളെ പിടികൂടുമെന്നായിരുന്നു ഭയം. അതിനാല്‍ 2.3 ലക്ഷം രൂപയുടെ നാണയങ്ങള്‍ കവര്‍ന്നു.
അഞ്ച്, 10 രൂപയുടെ 2.3 ലക്ഷം വരുന്ന നാണയങ്ങളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. 46 പോളിത്തീന്‍ ബാഗുകളിലാണ് ഇവര്‍ ഇത്രയം നാണയങ്ങള്‍ കടത്തിയത്. നാണയങ്ങള്‍ എളുപ്പം ചെലവഴിക്കാമെന്നും കരുതി.
തുടര്‍ന്നു സിനിമാശൈലിയിലാണു പോലീസ് പ്രവര്‍ത്തിച്ചത്. 12 മണിക്കൂറിനുള്ളില്‍ മോഷ്ടാക്കള്‍ വലയിലായി. സി.സി.ടിവി ക്യാമറകളാണ് ആദ്യം പോലീസ് പരിശോധിച്ചത്. അതില്‍ മുഖം മറച്ച മോഷ്ടാക്കളുടെ ദൃശ്യമുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ ഇടത് കൈക്കുഴയില്‍ ഇംഗ്ലിഷിലെ 'ആര്‍' എന്ന അക്ഷരം പച്ച കുത്തിയിരുന്നു.
ബസ് ഡിപ്പോയുടെ ചുറ്റുവട്ടത്തുനിന്നാണ് ബാങ്കിലേക്കുള്ള പ്രവേശന കവാടം. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരുമ്പോള്‍ ക്ലീനറായ രാഹുല്‍ എന്നയാളുടെ കൈക്കുഴയില്‍ 'ആര്‍' കണ്ടെത്തി. വൈകാതെ ഇയാളും കൂട്ടുകാരും പോലീസിന്റെ പിടിയിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha