മില്‍ക്ക് ക്യാപ്‌സൂളുകള്‍ വരുന്നു; ഇനി ചായയും കാപ്പിയും ഉണ്ടാക്കുമ്പോള്‍ പാലിനായി കാത്തിരിക്കേണ്ട!
പാല്‍ ഇല്ലാതെ ചായ പ്രിയര്‍ക്കോ കാപ്പി പ്രിയര്‍ക്കോ തങ്ങളുടെ പ്രിയപാനീയം ഉണ്ടാക്കുന്ന കാര്യം ചിന്തിക്കാനേ സാധിക്കുന്ന കാര്യമല്ല. എന്നാല്‍ ചായപ്രിയര്‍ക്കും കാപ്പിപ്രിയര്‍ക്കും ഒരു സന്തോഷവാര്‍ത്തയുമായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മില്‍ക്ക് കാപ്‌സ്യൂള്‍സ് അഥവാ പാല്‍ ഗുളികകളാണ് ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെ ഒരു ആശയം ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കിയത്. പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്. രാസവസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേടിയും വേണ്ട. പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ പഞ്ചസാര ഉറഞ്ഞ് പാലിന് മുകളില്‍ കവചമായി മാറുന്നു.
തണുപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ഭക്ഷ്യയോഗ്യമായ എന്തും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് പാല്‍കട്ടികള്‍ക്കുണ്ടാവുക.
നിലവില്‍ മധുരമുള്ള പാല്‍ഗുളികകള്‍ മാത്രമാണ് ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ളത്. മധുരം ആവശ്യമില്ലാത്തവര്‍ക്കായുള്ള പാല്‍ ഗുളികകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഇത്തരത്തിലുള്ള പാല്‍ക്കട്ടികള്‍ മൂന്നാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഇതേ മാതൃകയില്‍ പഴച്ചാറുകളും സൂക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു. ഒന്നിലധികം തവണ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ശേഷമാണ് ഈ കണ്ടുപിടുത്തത്തെ കുറിച്ച് ഗവേഷകര്‍ പുറത്ത് വിട്ടത്. ഈ ഗുളികകള്‍ ഏത് രൂപത്തിലും നിങ്ങളുടെ മുറിയുടെ കാലാവസ്ഥയ്ക്ക് അനുസൃതമായി സൂക്ഷിക്കാവുന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha