പത്തൊമ്പതാം വയസ്സില്‍ ബുള്ളറ്റില്‍ ഹിമാലയം കീഴടക്കിയ റിയ
മകളുടെ പത്തൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനിക്കുമ്പോള്‍ സന്ദീപ് യാദവ് കരുതിയത് നഗരത്തില്‍ ചുറ്റിയടിക്കാന്‍ മകള്‍ക്കൊരു ബൈക്ക് ഇരിക്കട്ടെ എന്നു മാത്രമായിരുന്നു. പക്ഷേ, അച്ഛന്റെ കണക്കുകൂട്ടലുകള്‍ മകള്‍ തെറ്റിച്ചു. ബൈക്കുമെടുത്ത് റിയ നഗരംവിട്ട് മല കയറി. ഡല്‍ഹിയില്‍ നിന്നു നേരെ ലഡാക്കിലേക്ക്! ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡുകളില്‍ ഒന്നായ ഖാര്‍ദുങ് ലാ ചുരത്തിലേക്കു റിയ ബൈക്കോടിച്ചു കയറി.
18,379 അടി ഉയരമുള്ള ഖാര്‍ദുങ് ലായിലേക്കു സ്വയം ബൈക്കോടിച്ചെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡും പോക്കറ്റിലാക്കിയാണു റിയ ചുരമിറങ്ങിയത്. ഡല്‍ഹി സര്‍വകലാശാലയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി റിയ യാദവിന്റെ തലയെടുപ്പിന് ഇന്ന് 18,379 അടി ഉയരമുണ്ട്!
ഗുഡ്ഗാവ് നിവാസിയായ റിയയ്ക്കു കഴിഞ്ഞ ഒക്ടോബറിലാണു റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റ് പിറന്നാള്‍ സമ്മാനമായി ലഭിക്കുന്നത്. മകള്‍ക്കു ബൈക്കുകളോടുള്ള ഇഷ്ടം മനസ്സിലാക്കിയായിരുന്നു സന്ദീപിന്റെ സമ്മാനം. ബൈക്ക് ഓടിക്കാന്‍ അറിയാത്ത റിയ, സമ്മാനംകണ്ട് അച്ഛനെ വാരിപ്പുണര്‍ന്നു. സഹോദരന്‍ ഋഷബ് യാദവിന്റെ സഹായത്തോടെ റിയ ബൈക്കോട്ടത്തില്‍ ഹരിശ്രീ കുറിച്ചു.
പരിശീലനം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തമായി ബൈക്ക് മുന്നോട്ടെടുക്കാന്‍ പഠിച്ചു.. ബൈക്കില്‍നിന്നു അവള്‍ വീഴുമോ എന്നു ഭയന്ന് !ഋഷബ് അതിനു പിന്നാലെയോടി. പക്ഷേ, വീണില്ല. ബൈക്കുകളോടുള്ള അവളുടെ അഗാധമായ പ്രണയമാവാം അതിനു കാരണം എന്നു റിയ തന്നെ പറയുന്നു. യമുനാ എക്‌സ്പ്രസ് വേയില്‍ ഋഷബിനൊപ്പം ചെറു യാത്രകള്‍ക്കു പോയി റിയ ബൈക്കോട്ടത്തില്‍ 'ക്ലച്ച് പിടിച്ചു'. ഏതാനും മാസങ്ങള്‍ നഗരത്തില്‍ ചുറ്റിയടിച്ച ശേഷം റിയ വീട്ടുകാരോടു ഞെട്ടിക്കുന്നൊരു പ്രഖ്യാപനം നടത്തി.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിലേക്കു ബൈക്കുമായി പോകുന്നുവെന്ന റിയയുടെ വാക്കുകള്‍ കേട്ട് വീട്ടുകാര്‍ ഞെട്ടി. ബൈക്കോട്ടത്തില്‍ മകള്‍ക്കുള്ള അനുഭവസമ്പത്ത് സന്ദീപ് മനസ്സില്‍ കണക്കുകൂട്ടി; ബൈക്ക് വാങ്ങിയത് ഒക്ടോബറില്‍, ഇപ്പോള്‍ മാസം ജൂണ്‍. ബൈക്കോടിക്കാന്‍ പഠിച്ച് എട്ടാം മാസത്തില്‍ !ഡല്‍ഹിയില്‍ നിന്ന് 1300 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍ദുങ് ലായിലേക്കു സ്വയം ബൈക്കോടിച്ചു പോകാന്‍ മകളൊരുങ്ങുന്നു!
റിയ തമാശ പറയുന്നതാണെന്നാണു വീട്ടുകാര്‍ ആദ്യം കരുതിയത്. മകളുടെ തീരുമാനം ഉറച്ചതാണെന്നു പതിയെ അവര്‍ മനസ്സിലാക്കി. ബൈക്ക് യാത്രകളെ അത്രമേല്‍ പ്രണയിച്ച മകളുടെ ആഗ്രഹത്തിന് ഒടുവില്‍ സന്ദീപ് സമ്മതം മൂളി. ആ നിമിഷം മുതല്‍ റിയയുടെ ഹൃദയതാളം ബുള്ളറ്റിന്റെ ഇരമ്പലിനു വഴിമാറി. ചുരം കയറിയ സ്വപ്നം
ഓഫ് റോഡ് ഡ്രൈവിങ്ങില്‍ പ്രഗല്‍ഭയായ സാറാ കശ്യപിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള ഹിമാലയന്‍ യാത്രയില്‍ റിയ പേരു നല്‍കി. ചണ്ഡിഗഡില്‍ സാറയുടെ കീഴിലുള്ള ഓഫ് റോഡ് ഡ്രൈവിങ് കേന്ദ്രത്തില്‍ ഒരുദിവസം പരിശീലിച്ച ശേഷം കഴിഞ്ഞ ജൂണ്‍ 18-നു റിയ തന്റെ ലക്ഷ്യത്തിലേക്കു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ചണ്ഡിഗഡില്‍ നിന്നാണു യാത്ര തുടങ്ങിയത്.
സാറയുള്‍പ്പെടെ നാലു വനിതകളായിരുന്നു സംഘത്തില്‍. ഖാര്‍ദുങ് ലായിലേക്കു സാറയുടെ ഏഴാമത്തെ യാത്രയായിരുന്നു അത്. ഇരുപതാം വയസ്സില്‍ ഖാര്‍ദുങ് ലായിലേക്കു ബൈക്കോടിച്ചു കയറിയ അനം ഹാഷിമിന്റെ പേരിലാണ്, ഏറ്റവും പ്രായംകുറഞ്ഞ വനിതാ ബൈക്ക് യാത്രികയുടെ പേരിലുള്ള റെക്കോര്‍ഡ് എന്ന് അവള്‍ മനസ്സിലാക്കി.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പത്തൊന്‍പതു വയസ്സുള്ള താന്‍ പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന യാഥാര്‍ഥ്യം അവളെ ത്രില്ലടിപ്പിച്ചു. വളരെ ദുഷ്‌കരമായിരുന്നു യാത്ര. ആദ്യമൊക്കെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ പേടിച്ചു. യാത്ര പുരോഗമിക്കുന്തോറും ആത്മവിശ്വാസവുമുയര്‍ന്നു.
ഹിമാലയന്‍ മലനിരകളുടെ മടിത്തട്ടിലേക്കു കയറിയപ്പോള്‍ അവളുടെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. ലഡാക്ക് പിന്നിട്ടതിനു പിന്നാലെ വന്‍ മലയിടിച്ചിലില്‍ സംഘം കുടുങ്ങി. പാറയും വെള്ളവും മഞ്ഞും മണ്ണും മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങി. അതിശക്തമായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. അവളുടെ കാല്‍മുട്ടോളം വെള്ളമുയര്‍ന്നു.
ബൈക്കിന്റെ ഭാരത്തിനു പുറമെ അതിലുണ്ടായിരുന്ന 200 കിലോ ലഗേജ് കൂടിയായതോടെ നിലതെറ്റി വീഴുമെന്ന അവസ്ഥയായി. തൊട്ടുമുന്നിലുള്ളയാളെപ്പോലും കാണാത്ത വിധം മൂടല്‍ മഞ്ഞും നിറഞ്ഞതോടെ, ഭയന്നു വിറച്ചു. മനഃസാന്നിധ്യം കൈവിടാതെ ബൈക്കിന്റെ ഹാന്‍ഡിലില്‍ മുറുകെ പിടിച്ചു നിന്നു. എന്തു സംഭവിച്ചാലും വിട്ടുകൊടുക്കില്ലെന്നു മനസ്സിലുറപ്പിച്ചു. കാല്‍ച്ചുവട്ടില്‍, ഖാര്‍ദുങ് ലാ
അല്‍പനേരത്തെ താണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തമായി. മുന്നോട്ടു നീങ്ങി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലേക്കു ജൂണ്‍ 25-നു അവള്‍ ബൈക്കോടിച്ചു കയറി. ഖാര്‍ദുങ് ലാ അവളുടെ കാല്‍ച്ചുവട്ടില്‍! 18,379 അടി ഉയരത്തില്‍ അവളുടെ ബൈക്കിനെ തലോടി അവള്‍ നിന്നു. ലക്ഷ്യം സഫലം; യാത്ര വിജയകരം.
ഖാര്‍ദുങ് ലായില്‍ സ്വയം ബൈക്കോടിച്ചെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവളായി റിയ.
https://www.facebook.com/Malayalivartha