ഹണിമൂണ്‍ ആഘോഷത്തിനിടെ നഷ്ടപ്പെട്ട മോതിരം ദമ്പതികള്‍ക്ക് തിരിച്ചുകിട്ടിയത് 47 വര്‍ഷത്തിനു ശേഷം
നാല്‍പത്തിയേഴു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1970-ല്‍ ന്യൂയോര്‍ക്കിലുള്ള മാന്‍ഹട്ടന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ ദമ്പതികള്‍ മസാച്യുസെറ്റ്‌സിലെ കേപ്പ് കോഡിലുള്ള ബീച്ചില്‍ ഹണിമൂണ്‍ ആഘോഷിക്കുകയായിരുന്നു. ആഘോഷത്തിനിടയിലെപ്പൊഴോ യുവാവിന്റെ വിരലില്‍ നിന്നും ഒരു മോതിരം കടലില്‍ നഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ സമ്മാനിച്ചതായിരുന്നു ആ മോതിരം.
വര്‍ഷങ്ങള്‍ പലത് കൊഴിഞ്ഞു വീണു. ഈ കഴിഞ്ഞ ജൂലൈയില്‍ ജിം വിര്‍ത്ത് എന്നയാള്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കടല്‍ത്തീരം പരിശോധിക്കുന്നതിനിടയില്‍, കളഞ്ഞുപോയ ആ സ്വര്‍ണ മോതിരം ലഭിക്കുകയായിരുന്നു. പാറകളുടെയും മണ്ണിന്റെയും ഇടയില്‍ നിന്നും ലഭിച്ച ഈ മോതിരത്തിന് ക്ലാവ് പിടിച്ചതുമൂലം പച്ച നിറമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വീട്ടില്‍ എത്തി മോതിരം വൃത്തിയാക്കിയപ്പോഴാണ് 1969-ലെ മാന്‍ഹട്ടന്‍കോളജിലെ മോതിരമാണെന്ന് അദ്ദേഹത്തിനു മനസിലായത്. കാരണം കോളജിന്റെ പേര് മോതിരത്തില്‍ കൊത്തിയിട്ടുണ്ടായിരുന്നു. മാത്രമല്ല പാട്രിക്ക് എഫ്. ഒ. ഹാഗന്‍ എന്ന പേരും അതില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ഇതില്‍ ആകാംക്ഷ തോന്നിയ വിര്‍ത്ത് ഇതിനെക്കുറിച്ച് വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും ചെയ്തു.
തുടര്‍്ന്ന് ഗൂഗിളില്‍ പാട്രിക്കിന്റെ ഭാര്യ ക്രിസ്റ്റീന്‍ എഴുതിയ 'ദ് ബുക്ക് ഓഫ് ഖേല്‍സ്' എന്ന ആത്മകഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുകയും ചെയ്തു. പുസ്തകത്തിലെ ഒന്‍പതാം അധ്യായത്തില്‍ ക്രിസ്റ്റീന്‍ പാട്രിക്കുമായി മാന്‍ഹട്ടന്‍ കോളജില്‍ വച്ച് പ്രണയത്തിലാകുന്ന കാര്യമൊക്കെ വിശദീകരിച്ച് എഴുതിയിരുന്നു.
മോതിരത്തിന്റെ യഥാര്‍്ഥ ഉടമസ്ഥര്‍ ഇവര്‍ തന്നെയാണെന്ന് മനസിലാക്കിയ വിര്‍ത്ത് ക്രിസ്റ്റീനെ ഉടന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടു അറിയിച്ചു നഷ്ടപ്പെട്ടു പോയ മോതിരം തന്റെ പക്കലുണ്ടെന്ന് അറിയിച്ചു. ഒരു നിമിഷം സ്തബ്ധയായിപ്പോയ ക്രിസ്റ്റീന്‍ അല്പസമയത്തിനു ശേഷമാണ് സമനിലയിലെത്തിയത്.
നാല്‍പത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷത്തെ കാത്തിരിപ്പിനു ശേഷം ക്രീസ്റ്റീനയ്ക്ക് ഈ മോതിരം തിരികെ ലഭിക്കാന്‍ വിര്‍ത്ത് ഒരു നിമിത്തമാകുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം മോതിരം തിരികെ നല്‍കി. നന്ദി കൊണ്ട് വിര്‍ത്തിനെ മൂടുകയാണ് ഈ ദമ്പതികളിപ്പോള്‍.
https://www.facebook.com/Malayalivartha