കാര്‍ അപകടത്തില്‍പെട്ടിടത്തുനിന്ന് രക്ഷാതീരം തേടി അയാള്‍ നടന്നത് 140 കിലോമീറ്റര്‍, ദാഹമകറ്റാന്‍ കുടിച്ചത് മൂത്രവും
ഇരുപത്തിയൊന്നുകാരനായ ഈ ഓസ്‌ട്രേലിയന്‍ പൗരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയത് അവിശ്വസനീയമായ കെട്ടുകഥകളില്‍ മാത്രം കേട്ടിട്ടുള്ള ദുരിതത്തിലൂടെ. ഒറ്റപ്പെട്ട പ്രദേശത്ത് തന്റെ കാര്‍ അപകടത്തില്‍പെട്ടതോടെ രക്ഷാതീരം തേടി ഈ യുവാവ് നടന്നത് 140 കിലോമീറ്റര്‍. രണ്ടു ദിവസം തുടര്‍ച്ചയായുള്ള നടപ്പായിരുന്നു. തൊണ്ടവരണ്ട് ജീവന്‍ നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെ പിടിച്ചുനില്‍ക്കാന്‍ ഇയാള്‍ കുടിച്ചത് സ്വന്തം മൂത്രവും.
ടെക്‌നീഷ്യനായ തോമസ് മാന്‍സണ്‍ ആണ് ഈ ദുരിതത്തിലൂടെ കടന്നുപോയത്. നോര്‍തേണ്‍ ടെറിട്ടറിയിലും ദക്ഷിണ ഓസ്‌ട്രേലിയ അതിര്‍ത്തിയിലുമുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് കഴിഞ്ഞ ആഴ്ചയില്‍ തോമസ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ ശേഷം യുലാരയില്‍ നിന്ന് മടക്കയാത്രയിലായിരുന്നു തോമസ്. പെട്ടെന്ന് മുന്നില്‍പെട്ട ഒട്ടകകൂട്ടത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഇയാളുടെ കാര്‍ അപകടത്തില്‍പെട്ടു. പരുക്കേല്‍ക്കാതെ തോമസ് രക്ഷപ്പെട്ടുവെങ്കിലും കാര്‍ യാത്ര പിന്നീട് തുടരാനായില്ല.
150 കിലോമീറ്ററോളം അകലെയായിരുന്നു നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഏറ്റവും സമീപത്തുള്ള നഗരം. ഇവിടെയെത്തുന്നതിനായി രണ്ടു ദിവസത്തോളം ഇയാള്‍ തുടര്‍ച്ചയായി നടന്നു. വഴിയാത്രയില്‍ ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വന്നതോടെ സ്വന്തം മൂത്രം തന്നെ ആശ്രയിക്കേണ്ടിവന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച സഹനയാത്ര വെള്ളിയാഴ്ചയാണ് അവസാനിച്ചത്.
'ഒന്നുകില്‍ ഹൈവേയില്‍ കടന്ന് സഹായം തേടുക അല്ലെങ്കില്‍ അവിടെതന്നെ കിടന്നു മരിക്കുക' ഇതായിരുന്നു തന്റെ മുന്നിലുള്ള മാര്‍ഗമെന്ന് തോമസ് പിന്നീട് പറഞ്ഞു. ഭക്ഷണം ഒട്ടും കൈവശമുണ്ടായിരുന്നില്ല. കുറച്ച് വസ്ത്രവും ഒരു ടോര്‍ച്ചും മാത്രമെടുത്ത് നടക്കാന്‍ തുടങ്ങി. ഫോണ്‍ ബന്ധവും നഷ്ടപ്പെട്ടു. ലക്ഷ്യബോധമില്ലാതെ നടന്ന തോമസ് വെള്ളിയാഴ്ച രാത്രിയോടെ ഹൈവേയില്‍ എത്തി. റോഡില്‍ കണ്ടവരുടെ സഹായം തേടിയ തോമസ് മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടു.
ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് അവശനിലയിലായിരുന്നു ഈ സമയം തോമസ്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha