ആറ് വയസ്സുകാരന്‍ ഹയാന്റെ യൂട്യൂബ് പേജ് ഇന്‍സ്റ്റന്റ് ഹിറ്റ്!
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ ത്തന്നെ ചെറിയ പലകയില്‍ കയറി നിന്ന് ഉമ്മയ്ക്ക് പാത്രങ്ങള്‍ കഴുകിക്കൊടുത്താണ് ഹയാന്റെ അടുക്കളബന്ധം തുടങ്ങുന്നത്. പിന്നീട് ചെറുനാരങ്ങാ വെള്ളം കലക്കി സ്വയം കുടിച്ചും ഉമ്മയ്ക്കും ഉപ്പയ്ക്കും പകര്‍ന്നു നല്‍കിയും രുചിയുടെ ലോകത്തേക്കു കടന്നു.
ഇപ്പോള്‍ ഹൈദരാബാദി ദം ബിരിയാണിയും മുട്ട ബജിയും ഇളനീര്‍ പായസവും ഐസ്‌ക്രീമുമൊക്കെയായി രുചിയിലെ അദ്ഭുതമാണ് ആറു വയസ്സുകാരനായ ഹയാന്‍ അബ്ദുല്ല.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പയ്യോളി സ്വദേശി ഹാഷ്‌നാസിന്റെയും മാറഞ്ചേരി സ്വദേശിനി റഷയുടെയും മകനാണ് ഹയാന്‍. ചെന്നൈ റാവുത്തര്‍ ബിരിയാണിയെന്ന ഹോട്ടല്‍ ശൃംഖലയിലെ ഇളംതലമുറക്കാരന് പാരമ്പര്യമെന്നോണം കിട്ടിയ പാചകനൈപുണ്യത്തെ ഇരുവരും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഹയാന്‍ ഡെലിക്കസി എന്ന പേരിലുള്ള യൂട്യൂബ് പേജില്‍27 പാചകവീഡിയോകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ചോക്ലേറ്റ് പൊടിയും മില്‍ക്ക് മെയ്ഡും ചേര്‍ത്തുകൊണ്ടുള്ള ചോക്‌ളേറ്റ് ബോള്‍ ഉണ്ടാക്കിക്കൊണ്ടാണ് ഹയാന്‍ പാചകം തുടങ്ങിയത്. ഇപ്പോള്‍ അവിയലും കായപ്പോളയും മുട്ട ബജിയും ബദാം ഖീറുമൊക്കെ ഈ കുഞ്ഞുകൈകള്‍ക്ക് വഴങ്ങും.
കോഴിയിറച്ചിയും ലെറ്റിയൂസ് ഇലകളും ചേര്ത്തുണ്ടാക്കുന്ന സീസര് സാലഡ്, സോസി ചിക്കന്, ചുരങ്ങപ്പായസം, ബദാം ഖീര്, ക്വാളി ഫ്‌ളവര് പായസം തുടങ്ങിയവ കൃത്യം ചേരുവകളോടെ പാകം ചെയ്‌തെടുക്കും.
യൂട്യൂബില്‍ കേരളീയരുടെ വിഭവങ്ങള്‍ തമിഴര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി തമിഴിലും തമിഴ്‌നാട്ടുകാരുടെ വിഭവങ്ങള്‍ മലയാളത്തിലും അപ്ലോഡ് ചെയ്യും. മൈസൂര്‍ പാക്ക് മലയാളത്തിലും കോഴിക്കോട്ടുകാരുടെ സ്വന്തം നെയ്‌ച്ചോര്‍ തമിഴിലും അവതരിപ്പിച്ചിട്ടുണ്ട്.
ഹയാന്‍ ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ 10 കുടുംബങ്ങള്‍ക്കും നല്‍കും. പൊതുവെ, നാണംകുണുങ്ങിയായ കുട്ടി പാചകംതുടങ്ങിയാല്‍, ത്ധടുതിയില്‍ വിഭവം തയ്യാറാക്കുകയും ആവശ്യമെങ്കില്‍ വ്യക്തതയോടെ തത്സമയ വിശദീകരണം നല്‍കുകയും ചെയ്യും.
താന്‍ കഴിക്കാത്തതൊന്നും ഉണ്ടാക്കാന്‍ തയ്യാറാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഈയിടെ ഓണ്‍ലൈനില്‍ നടന്ന പാചകമത്സരത്തില്‍ ഹയാന്‍ മൂന്നാംസ്ഥാനം കിട്ടിയിരുന്നു. പാചക റിയാലിറ്റി ഷോയില്‍ നടന്ന ഇഫ്താര്‍ പാചക മത്സരത്തിലും മലബാര്‍ അടുക്കള സംഘടിപ്പിച്ച മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ചെന്നൈ വൈറ്റ് ഗോള്‍ഡ് മോണ്ടിസോറി സ്‌കൂളില്‍ ഒന്നാംതരം വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha