തൊടുപുഴയില്‍ അരങ്ങേറിയത് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍!
നഗരത്തിലൂടെ ഓടുന്ന കാറിനുള്ളില്‍നിന്ന് യുവതിയുടെ കരച്ചില് കേട്ട് രക്ഷിക്കാന്‍ ചെന്ന തൊടുപുഴക്കാര്‍ തങ്ങള്‍ പുലിവാല് പിടിക്കുമെന്ന് ഓര്‍ത്തതേയില്ല. ചില സിനിമാ രംഗങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ള സംഭവങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ കഷ്ടിച്ചാണ് തടി രക്ഷിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് തൊടുപുഴ അശോക ജങ്ഷനിലാണ് സംഭവമുണ്ടായത്. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്ന് സ്ത്രീയുടെ കരച്ചിലും അലര്‍ച്ചയും കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞു. ഇതിനിടെ ഓടുന്ന വാഹനത്തില്‍നിന്ന് ചാടാനും യുവതി ശ്രമിച്ചു.
യുവതിയെ തട്ടിക്കൊണ്ട് പോവുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഡ്രൈവര്‍ക്കും വാഹനത്തിലിരുന്ന യുവാവിനും നേരെ തട്ടിക്കയറി. സംഭവം കണ്ട് നിരവധിപേര്‍ ഇവിടെ തടിച്ചുകൂടുകയും ചെയ്തു.
നാട്ടുകാരിലാരോ ഫോണ്‍ ചെയ്തതനുസരിച്ച് പോലീസും സ്ഥലത്തെത്തി. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും നേരം കാറിലിരുന്ന് അലറിവിളിച്ച യുവതി നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. തങ്ങളുടെ വാഹനം നാട്ടുകാര്‍ അന്യായമായി തടഞ്ഞ് ബന്ധനസ്ഥരാക്കിയിരിക്കുകയാണെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇതോടെ വാഹനം തടഞ്ഞവര്‍ പ്രതിസ്ഥാനത്തായി. സംഭവം 'സീന്‍' ആകുമെന്ന് ഭയന്ന് പലരും പതുക്കെ തടിയൂരി രക്ഷപ്പെട്ടു.
എന്നാല്‍, കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ഇവര്‍ക്കെതിരേ കേസെടുത്ത ശേഷം വിട്ടയച്ചു.
കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി അലറി വിളിച്ചതെന്നും തൊടുപുഴ പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha