നഷ്ടസ്‌നേഹം തേടി കുട്ടിക്കൊമ്പന്‍ എത്തി; കുട്ടിക്കൊമ്പന് പാപ്പാന്‍ ബൊമ്മനുമായുള്ള സ്‌നേഹത്തിന്റെ നോവുള്ള കഥ
കാട്ടില്‍ വഴിത്തെറ്റിയപ്പോള്‍ ആ കുട്ടിക്കൊമ്പനു നഷ്ടമായത് സ്വന്തം അമ്മയെയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഒരു വളര്‍ത്തച്ഛനെ കിട്ടി. എന്നാല്‍ സ്‌നേഹിച്ച് കൊതി തീരുന്നതിന് മുന്‍പ് വളര്‍ത്തച്ഛനെ കാണാതായപ്പോള്‍ അവന്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ അധികൃതര്‍ വഴങ്ങി. വാഹനത്തില്‍ കയറ്റി അച്ഛന്റെ അടുത്തെത്തിച്ചു.
പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന്റെ സ്‌നേഹത്തിന്റെ നോവുള്ള കഥയാണിത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നാണ് തള്ളയാനയെ കാണാതെ വഴി തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്. ദേഹമാസകലം മുറിവേറ്റ് അവശതയിലായിരുന്നു ആനക്കുഞ്ഞ്.
ആനക്കുഞ്ഞുങ്ങളെ പരിചരിക്കുന്നതില്‍ മിടുക്കനായ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലെ ആന പാപ്പാന്‍ ബൊമ്മന്‍ കൃഷ്ണഗിരിയിലെത്തി. ഒരു മാസത്തോളമുള്ള പരിചരണത്തില്‍ മുറിവുകള്‍ ഉണങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആനക്കുട്ടി ബൊമ്മനൊപ്പമായി.
കൃഷ്ണഗിരിയില്‍ ബൊമ്മന്റെ ജോലി കഴിഞ്ഞതോടെ അധികൃതര്‍ ബൊമ്മനെ തിരികെ മുതുമലയിലേക്ക് കൊണ്ടുവന്നു. ബൊമ്മനെ കാണാതായതോടെ കുട്ടിയാന പ്രതിഷേധം ആരംഭിച്ചു. ഭക്ഷണം കഴിക്കാതെയും ഒടി നടന്ന് ബഹളം വച്ചും പ്രതിഷേധം രൂക്ഷമാക്കി.
ഗത്യന്തരമില്ലാതായപ്പോള്‍ ആനക്കുട്ടിയെ വാഹനത്തില്‍ കയറ്റി വനപാലകര്‍ മുതുമലയിലെത്തിച്ചു. മൈലുകള്‍ താണ്ടിയുള്ള യാത്രക്കൊടുവില്‍ ബൊമ്മനെ കണ്ടതോടെ ഓടിയെത്തിയ ആനക്കുട്ടിയുടെ വികാര വായ്പ്പുകള്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ബൊമ്മനും കുടുംബവും ആനക്കുട്ടിക്കൊപ്പാണ് കഴിയുന്നത്. പാലും സെര്‍ലാക്കും റാഗിയും കലര്‍ത്തിയുള്ള ഭക്ഷണമാണ് നല്‍കുന്നത്.
വയറ് നിറഞ്ഞാല്‍ അല്‍പനേരം ബൊമ്മനൊപ്പം കളിക്കണം . ഉറക്കവും ബൊമ്മനൊപ്പമാണ്. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കൂടിന് പുറത്തുള്ള വിശാലമായ പുല്‍മൈതാനത്തിലാണ് വിശ്രമം .മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ജിവിത നേര്‍കാഴ്ച്ചയാണ് മുതുമല ആന ക്യാംപില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha