സുരാജ് വെഞ്ഞാറമ്മൂടിന്റെ ചിരിമയം: അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരം
സുരാജ് വെഞ്ഞാറമ്മൂടിന്റെ അനുഭവക്കുറിപ്പുകള്‍ ചിരിമയം എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കി. അതിലെ ഏതാനും പേജിലൂടെ കടന്നുപോകാം. വടക്കേ ഇന്ത്യയില്‍ പ്രോഗ്രാമിനു പോയി വാഹനാപകടത്തില്‍പെട്ട് കൈയും കാലും ഒടിഞ്ഞ് കമ്പിയൊക്കെയിട്ട് തുന്നിക്കെട്ടി ഒരു പരുവത്തില്‍ വേദന ചവച്ചരച്ച് നാട്ടിലെത്തി വീട്ടിലൊതുങ്ങികൂടിയ നാളുകള്‍ വളരെ സന്തോഷകരമായിരുന്നു. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ രോമാഞ്ചമുണ്ടാകും. ഒരു കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുന്നു. വലത്തെ കൈയിന്റെ മുട്ടു തുളച്ച് കമ്പിയിട്ട് കെട്ടിപ്പൂട്ടി കഴുത്തിലൂടെ ചരടിട്ട് കെട്ടിത്തൂക്കിയിട്ടിരിക്കയാണ്. നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയില്‍എങ്ങനെ സന്തോഷിക്കാതിരിക്കും! ഭാഗ്യം പടിക്കല്‍ വന്നുനില്ക്കുകയല്ലേ!
മുറിവുണങ്ങി പ്ലാസ്റ്റര്‍ വെട്ടാന്‍ മാസങ്ങളെടുത്തു. അത്യാവശ്യം ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ തുടങ്ങി. അധികം ദൂരത്തേക്കൊന്നും പോകില്ല. വെഞ്ഞാറമ്മൂട്ടീന്ന് തിരുവനന്തപുരംവരെയേ യാത്രയുള്ളൂ. ഇടയ്ക്ക് നമ്മുടെ ഏരിയയില്‍ വരുന്ന സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുക്കും. ഡബ്ബിങ് വര്‍ക്കുകള്‍ക്കു പോകും.
ഡബ്ബിങ്ങുള്ള ദിവസം രാവിലെ വീട്ടില്‍നിന്നു പോരുമ്പോള്‍ ഉച്ചയ്ക്കു കഴിക്കാനുള്ള ചോറ് അമ്മ പൊതികെട്ടിത്തരും. ഹോട്ടല്‍ ഭക്ഷണം കഴിച്ച് കുഴപ്പത്തിലാകണ്ടെന്നു കരുതി വാഴയില വെട്ടി അതിലാണ് ചോറ് പൊതിഞ്ഞുതരുന്നത്. ലഞ്ച്‌ബ്രേക്കാകുമ്പോള്‍ ഡബ്ബിങ്് തിയേറ്ററിലിരുന്ന് ചോറു കഴിക്കും. അതല്ലെങ്കില്‍ തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിനകത്തു സുഹൃത്ത് സജിയുടെ ബേക്കറിയുണ്ട്. അവിടെയിരുന്ന് കഴിക്കും.
ഒരു ദിവസം ഡബ്ബിങ്് നേരത്തേ കഴിഞ്ഞു. ഉച്ചയാകുന്നേയുള്ളൂ. ഊണു കഴിക്കാനുള്ള സമയമായിട്ടില്ല. എന്നാല്‍ പിന്നെ വീട്ടില്‍ പോയി വിശാലമായി ഊണു കഴിക്കാല്ലോന്നു വിചാരിച്ചു ഞാന്‍ ബസ്സ്റ്റാന്‍്ഡില്‍ വന്നു. കൈയിലുള്ള ചോറുപൊതി തിരിച്ചുകൊണ്ടുപോകണ്ട, അത് സ്റ്റാന്‍ഡില്‍ കടയുള്ള സുഹൃത്തിന് കൊടുക്കാം. പക്ഷേ, അവിടെ ചെന്നപ്പോള്‍ അവനും വീട്ടീന്നു ചോറു കൊണ്ടുവന്നിട്ടൊണ്ട്. 'ഇനിയെന്തു ചെയ്യും...?
കുറച്ചുനേരം ബേക്കറിയിലിരുന്ന് കഥകളൊക്കെ വിളമ്പി പോകാനെഴുന്നേറ്റപ്പോള്‍ സജി പറഞ്ഞു, 'നീ ഇപ്പോള്‍ വീട്ടില്‍ പോയി കഴിക്കാനൊന്നും നില്‍ക്കണ്ട. ഞാന്‍ കൊണ്ടുവന്ന ചോറ് നമ്മള്‍ രണ്ടാളുംകൂടെ കഴിക്കുന്നു. നിന്റെ കൈയിലുള്ള പൊതിച്ചോറ് ഏതെങ്കിലും പാവങ്ങള്‍ക്കു കൊടുക്കാം... ഓകെ.
'ഓകെ.' സജിയുടെവീട്ടീന്നു കൊണ്ടുവന്ന ചോറ് ഞങ്ങള്‍ കഴിച്ചു. എന്റെ കൈയിലുള്ള പൊതി അഴിച്ചതേയില്ല. അതു മാറ്റി വെച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞാന്‍ കടയുടെ പുറത്തിറങ്ങി. നോട്ടംമുഴുവന്‍ അതുവഴി കടന്നുപോകുന്നവരിലാണ്. വിശന്നു വരുന്നത് ആരാണെന്നറിയില്ലല്ലോ. കുറച്ചുനേരം അങ്ങനെ നിന്നപ്പോള്‍ ഒരാളെ കണ്ടു. മുഷിഞ്ഞ പാന്റും ഷര്‍ട്ടും ധരിച്ച് തലമുടിയൊക്കെ പാറിപ്പറന്നു വളരെ പതുക്കെയാണ് നടപ്പ്. ആളുടെ മുഖം കണ്ടാലറിയാം നല്ല വിശപ്പുണ്ടെന്ന്. അവശനായ ആ മനുഷ്യന്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഞാന്‍ മുന്നോട്ടു ചെന്നു. 'നമസ്‌തേ' പറഞ്ഞു. പുള്ളിക്കാരന്‍ പെട്ടെന്ന് നിന്നു. 'ഹ്ഹാ... നമസ്‌തേ.' എന്നെ മൊത്തത്തിലൊന്നു നോക്കിയിട്ട്, മനസ്സിലായപോലെ... 'നിങ്ങടെ പരിപാടി ഞാന്‍ കാണാറുണ്ട്.'
'സന്തോഷം. ചേട്ടന്‍ എവടെ പോണ്?
'ദാണ്ടെ ആ...' പുള്ളിക്കാരന്‍ പറഞ്ഞു തീരുംമുന്‌പെ ഞാന്‍ ഇടയില്‍ക്കയറി ചോദിച്ചു:
'ഭക്ഷണം കഴിച്ചോ?
'ഇല്ല...
അപ്പോള്‍ത്തന്നെ ഞാന്‍ ചോറുപൊതിയെടുത്തു നീട്ടി. 'ചേട്ടന്‍ ഇത് കഴിക്ക്, വീട്ടീന്നു കൊണ്ടുവന്നതാണ്. നമ്മള്‍ വേറെ കഴിച്ചു.
നീ എന്നെക്കുറിച്ച് എന്തോന്ന് കരുതിയിരിക്കണത്. മിച്ചം വല്ലതുമുണ്ടെങ്കില്‍ കൈയീ വെച്ചാല്‍ മതി. ഞാന്‍ആരാന്നു നിനക്കറിയ്വോടാ. കെ.എസ്.ആര്.ടി.സിയില്‍ നിന്ന് മാസം മുപ്പത്തിയേഴായിരം രൂപ ശമ്പളം വാങ്ങുന്ന എന്റെ മുഖത്തു നോക്കി നിനക്കിതു പറയാന്‍ എങ്ങനെ ധൈര്യം വന്നു. നിന്റെ കുടുംബം വിലയ്ക്ക് വാങ്ങാനുള്ള ആസ്തി എനിക്കുണ്ടെടാ. പത്തു വര്‍ഷം ലീവെടുത്തു ദുബായി പോയി കൊറെ ഒണ്ടാക്കി. അതു കഴിഞ്ഞാ പിന്നേം ഇവടെ ഒണ്ടാക്കാന്‍ വന്നത്. അറിയ്വോടാ നിനക്ക്...'
അങ്ങോര്‍ ചോറ് കഴിക്കുന്നതിനു മുന്‍പ് 'ചെറുത് അടിക്കാന്‍്' പോയിട്ട് മടങ്ങിവരുന്ന വഴിയാണ് ഞാന്‍ കേറി മുട്ടിയത്. കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ അകത്തുള്ള വര്‍ക്ഷോപ്പിലെ സൂപ്പര്‍വൈസറോ അതിലും മുന്തിയ എന്തോ ഒരു സാധനമാണ്. ഉടുപ്പിലൊക്കെ വര്‍ക്ഷോപ്പിലെ കരിപുരണ്ടിരിക്കുകയായിരുന്നു. ഇതൊന്നും നമുക്കറിയില്ലല്ലോ. ഉച്ചമദ്യം കഴിച്ചിരിക്കുന്നതുകൊണ്ട് പെട്ടെന്ന് വയലന്റായി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ എങ്ങനെയും അവിടുന്നു രക്ഷപ്പെട്ടാ മതിയെന്നായി.
ഞാന്‍ വളരെ വിനീതനായി... 'ചേട്ടാ ഒരബദ്ധം പറ്റിപ്പോയതാ.'
'ഇതാണോ അബദ്ധം. വഴിയേ പോയ എന്നെ തടഞ്ഞുനിര്ത്തി ഒരുമാതിരി... ഞാന്‍ അങ്ങനെ നടക്കണ ആളാണെന്ന് നിനക്ക് എങ്ങനെ തോന്നി, എന്റെ ഈ വേഷം കണ്ടിട്ടോ...? മോനെ, ഇതൊന്നും ശരിയല്ല.'
'ക്ഷമിക്കൂ ചേട്ടാ... ചോറ് കളയണ്ടാന്നു കരുതി പറഞ്ഞുപോയതാണ്.'
'നീ ആരെടാ എനിക്കു ചോറ് തരാന്‍?'
ഞാന്‍ ക്ഷമ പറയുന്നതിനനുസരിച്ച് അങ്ങോര്‍ കത്തിക്കയറുകയാണ്.
'വേറെ ആരേം കിട്ടാഞ്ഞിട്ടാണോ നീ എന്നെ പിടിച്ചത്. രണ്ടു തലമുറയ്ക്ക് കഴിയാനുള്ളത് ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അറിയ്വോടാ നിനക്ക്... ങാ.'
നട്ടുച്ചയ്ക്ക് സ്‌ട്രോങ്ങില്‍ അത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ അടിച്ചതിന്റെ കെട്ടിറങ്ങിപ്പോയി. എന്നെ തെറിപറഞ്ഞു പുള്ളിക്കാരന്‍ വന്ന വഴിയേ തിരിച്ചുനടന്നു. വീണ്ടും പൂശാനുള്ള പോക്കാണ്.
ബസ്സ്റ്റാന്‍ഡല്ലേ, ബഹളം കേട്ട് ആളുകള്‍ കൂടി. ചമ്മി നാണംകെട്ടു നില്ക്കുകയാണ്. സജി പെട്ടെന്ന് അകത്തേക്കു വലിഞ്ഞു. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്. ചമ്മലൊളിപ്പിച്ച് ഞാനും പതിയേ ബേക്കറിയിലേക്കു കയറി. അങ്ങോര്‍ തിരിച്ചുവരുമ്പോള്‍ മുന്നിലെങ്ങാനും ചെന്നു ചാടിക്കൊടുത്താല്‍ കുഴപ്പമാണ്. രണ്ടാമത് കഴിച്ചതിന്റെ പൈസ ചിലപ്പോള്‍ ഞാന്‍ കൈയില്‍ നിന്നു കൊടുക്കേണ്ടിവരും. ബേക്കറിയുടെ മുന്നീന്ന് ആളുകള്‍ മാറിയപ്പോള്‍ ചോറുപൊതി സജിയെ ഏല്‍പിച്ചിട്ട് ഞാന്‍ മുങ്ങി.
ഭക്ഷണത്തിനുവേണ്ടി കൈനീട്ടുന്ന എത്രയോ പേരെ നമ്മള്‍ കണ്ടിരിക്കുന്നു. ചിലരുടെ ഭക്ഷണജാട കണ്ട് അതിശയപ്പെട്ടിട്ടുമുണ്ട്. വലിയ ഹോട്ടലുകളില്‍ കയറി മുന്തിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി അതില്‍നിന്ന് അല്‍പം കിള്ളിയെടുത്ത് രുചിച്ചുനോക്കി ബാക്കി മുഴുവനും വേസ്റ്റാക്കിക്കളയുന്നതു കാണുമ്പോള്‍ നെഞ്ച് പൊള്ളും. സിനിമാസൈറ്റുകളില്‍ ഉച്ചഭക്ഷണസമയത്തു വേസ്റ്റ്‌ബോക്‌സില്‍ നോക്കിയാല്‍ കുറെ ഭക്ഷണം കാണാം.
ഉണ്ടായിട്ടും ഒന്നും കഴിക്കാന്‍ പറ്റാതെ ഭക്ഷണത്തിന്റെ രുചി എന്താണെന്നറിയാതെ ആശുപത്രികളിലും മറ്റും കഴിയുന്ന ധാരാളം ആളുകളുണ്ട്. ഭക്ഷണവിഭവങ്ങളുടെ യഥാര്‍ഥരുചി എന്താണെന്നറിയാതെ ജീവിക്കുന്നവരുമുണ്ട്. അത്തരം ആളുകള്‍ ചുറ്റുവട്ടങ്ങളിലുള്ളപ്പോള്‍ രുചിയുള്ള ഭക്ഷണം വയറു നിറയെ കഴിക്കാന്‍ ഭാഗ്യം കിട്ടിയ നമ്മള്‍ അഹങ്കാരികളാകരുത്. കിട്ടുന്ന ഭക്ഷണം സമാധാനത്തോടെ കഴിക്കാന്‍ പഠിക്കണം. ആവശ്യമുള്ളതേ എടുക്കാവൂ. എടുക്കുന്നതില്‍ ഒരു നുള്ളുപോലും കളയാതിരിക്കാന്‍ നമുക്കു കഴിയണം. വിശപ്പിന്റെ വില അറിഞ്ഞാലേ ഭക്ഷണത്തിന്റെ ശരിയായ രുചി ആസ്വദിക്കാനാവൂ...!
https://www.facebook.com/Malayalivartha