48 മണിക്കൂര്‍ തുടര്‍ച്ചയായി പാടി വിജയ് ഏഷ്യന്‍ റെക്കോഡ് നേടി
അറുന്നൂറിലേറെ ഗാനങ്ങള്‍ 48 മണിക്കൂര്‍ കൊണ്ട് ഇടതടവില്ലാതെ പാടിത്തീര്‍ത്ത ഗായകനും ഗാനരചയിതാവുമായ വിജയ് നായരമ്പലം യു. ആര്‍.എഫ്. (യൂണിവേഴ്‌സല്‍ റെക്കോ ഫോറം) ഏഷ്യന്‍ റെക്കോഡിട്ടു. കരോക്കെ കാറ്റഗറിയില്‍ ആദ്യമായാണ് ഒരാള്‍ യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കുന്നത്.
പറവൂരില്‍ സംഗീതാസ്വാദകരെ സാക്ഷിനിര്‍ത്തി രാവും പകലും നീണ്ട സംഗീതയജ്ഞത്തിന് പരിസമാപ്തി കുറിച്ചത് തിങ്കളാഴ്ച രാവിലെ 10.15 നായിരുന്നു.
ശനിയാഴ്ച രാവിലെ 10.15നാണ് മുനിസിപ്പല്‍ പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ റെക്കോഡ് ഗാനാലാപനത്തിന് തുടക്കമിട്ടത്. മലയാളം, തമിഴ്, കന്നട, ഹിന്ദു. തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയമായ ഗാനങ്ങളാണ് കരോക്കെ കാറ്റഗറിയില്‍ ആലപിച്ചത്. ഒരു മണിക്കൂര്‍ പാടിക്കഴിഞ്ഞാല്‍ അഞ്ചു മിനിറ്റ് വിശ്രമം എന്നതായിരുന്നു നിബന്ധന. ആദ്യം ഏഴു മണിക്കൂര്‍ ഇടവേളയില്ലാതെ പാടിയതിനാല്‍ 35 മിനിറ്റ് വിശ്രമം അനുവദിച്ചു.
ഗിന്നസ് റെക്കോഡ് ജേതാവും യു.ആര്‍.എഫ്. ഏഷ്യന്‍ ജൂറിയുമായ സത്താര്‍ ആദൂര്‍, വി.ടി. ജോളി, പി. സി. ചന്ദ്രബോസ് എന്നിവരാണ് വിധികര്‍ത്താക്കളായത്. പരിപാടി പൂര്‍ണമായും റെക്കോഡ് ചെയ്തു. മണിക്കൂറുകള്‍ കൃത്യമായി അറിയാന്‍ വേദിയില്‍ ഡിജിറ്റല്‍ ക്ലോക്കും സജ്ജീകരിച്ചിരുന്നു.
ഏഷ്യന്‍ റെക്കോഡ് സര്‍ട്ടിഫിക്കറ്റ്, നടന്‍ മുരളീമോഹന്‍ വിജയിന് സമ്മാനിച്ചു. പറവൂരിലെ 'സ്ട്രിങ്‌സ് ബാന്‍ഡ് പെരുവാരം' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിജയ് നായരമ്പലം.
https://www.facebook.com/Malayalivartha