പഞ്ഞി പോലെ മൃദുലമായ മനസ്സുള്ളതുകൊണ്ടല്ല മാനസി കരഞ്ഞാല്‍ കണ്ണില്‍ നിന്നും പഞ്ഞി വരുന്നത്!
കരയുമ്പോള്‍ കണ്ണീരാണ് വരുന്നതെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ മധ്യപ്രദേശിലെ പച്ച്ഖുര ഗ്രാമത്തിലെ 11 വയസുകാരിയായ മാനസി കരയുമ്പോള്‍ കണ്ണില്‍ നിന്നും വരുന്നത് പഞ്ഞിക്കു സമാനമായ ഒരു വസ്തുവാണ്. കഴിഞ്ഞ ഓഗസ്റ്റ് 25 മുതലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മാനസിയുടെ കണ്ണില്‍ ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്.
കുട്ടിയില്‍ ദുരാത്മാവ് നിവേശിച്ചതാണെന്നായിരുന്നു മാനസിയുടെ അച്ഛനും പ്രദേശവാസികളും ആദ്യം വിശ്വസിച്ചിരുന്നത്. തുടര്‍ന്ന് മാനസിയേയും ഇവരുടെ കുടുംബാംഗങ്ങളെയും ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തുകയായിരുന്നു. എന്നാല്‍ അപ്പോള്‍പോലും ഒരു നേത്രവിദഗ്ധന്റെ അടുക്കല്‍പോയി ഇവര്‍ ചികിത്സ തേടിയിരുന്നില്ല.
കഴിഞ്ഞ രണ്ട് ആഴ്ചകളായി 35 മുതല്‍ 40 വരെ പഞ്ഞി പോലുള്ള ചെറിയ വസ്തു കുട്ടിയുടെ കണ്ണില്‍ നിന്നും വന്നതായാണ് മാനസിയുടെ അച്ഛന്‍ ഗെന്ദ്‌ലാല്‍ കെവാത്ത് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ സമീപമുള്ള ഒരു ഡോക്ടര്‍ കുട്ടിയെ ഒരു നേത്രവിദഗ്ധന്റെ അടുത്തേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ജബല്‍പുര്‍ മെഡിക്കല്‍ കോളജിലെ നേത്രവിദഗ്ധനായ നവനീത് സക്‌സേനയുടെ അടുക്കല്‍ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സയുടെ ഫലമായി കുട്ടിയുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നമാണെന്ന് കണ്ടെത്തി. ശരീരത്തില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കണ്ണില്‍ നിന്നും ഇത്തരത്തില്‍ പഞ്ഞിയോട് രൂപസാദൃശ്യമുള്ള വെളുത്ത വസ്തുക്കള്‍ വരാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
യെമന്‍ സ്വദേശിനിയായ സാദിയ സലേഹ് എന്ന കുട്ടി കരയുമ്പോള്‍ കണ്ണില്‍ നിന്നും കല്ലിനു സമാനമായ വസ്തുവും, ലോറാ പോണ്‍സ് എന്ന കുട്ടിയുടെ കണ്ണില്‍ നിന്നും 20 വര്‍ഷമായി പളുങ്ക് കല്ലുകളും വരുന്ന സംഭവങ്ങള്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha