സിഡ്‌നിയില്‍ സ്രാവിന് നീന്തല്‍ കുളവും വിദഗ്ദ്ധ ചികിത്സയും
ഒരാഴ്ച മുന്‍പാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട സ്രാവ് സിഡ്‌നിയിലെ മാന്‍ലി തീരത്തെത്തിയത്. തിരമാലകളില്‍ പെട്ട് തീരത്തെത്തിയ സ്രാവിനെ തിരിച്ചയയ്ക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും വീണ്ടും തിരികെയെത്തി.
ഇതോടെ സ്രാവിനു നീന്തുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയ അധികൃതര്‍ ഇതിനെ പരിശോധനയ്ക്ക് വിധേയമാക്കി. മുറിവുകള്‍ കണ്ടെത്തിയില്ലെങ്കിലും ശാരീരികമായി സ്രാവിന് കടുത്ത ക്ഷീണമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു.
ഫംഗസ് ബാധയോ വൈറസ് ബാധയോ ആകാം ഈ ക്ഷീണത്തിനു പിന്നിലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. സ്രാവിനെ ദിവസങ്ങളോളം നിരീക്ഷിച്ചാല്‍ മാത്രമേ വിദഗ്ദ്ധ ചികിത്സ നല്‍കാനാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞതോടെ സ്രാവിനെ എവിടെ സൂക്ഷിക്കും എന്നുള്ളതായി അടുത്ത പ്രശ്‌നം.
ഇതോടെയാണ് കടലിനു സമീപത്തു തന്നെയുള്ള പാറക്കെട്ടുകള്‍ക്കിടയിലുള്ള പ്രകൃതി ദത്തമായ നീന്തല്‍ക്കുളം സ്രാവിനു നല്‍കാന്‍ തീരുമാനിച്ചത്.
പൊതുജനങ്ങള്‍ നീന്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ചിരുന്ന നീന്തല്‍ക്കുളം ഇതോടെ കുട്ടിസ്രാവിനു സ്വന്തമായി. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കും കുളം താല്‍ക്കാലികമായി നഷ്ടപ്പെട്ടതില്‍ പരാതിയില്ലായിരുന്നു.
കാരണം ലോകത്തെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നിനെ അടുത്തു കാണാനുള്ള അവസരമാണല്ലോ ഇതിലൂടെ ലഭിച്ചത്. നിരവധിയാളുകള്‍ സ്രാവിനെ കാണുന്നതിനായി ഇവിടേക്കെത്തിയിരുന്നു.
കാണുന്നവരും ചികിത്സിക്കുന്നവരും സന്തോഷവാന്‍മാരാണെങ്കിലും സ്രാവ് അത്ര ഹാപ്പിയായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നത്. കടലില്‍ യഥേഷ്ടം സഞ്ചരിച്ചിരുന്ന സ്രാവിന് ചെറിയ കുളത്തിന്റെ വട്ടത്തില്‍ നീന്തുന്നതിന്റെ ബുദ്ധിമുട്ട് ചെറുതല്ലായിരുന്നു.
1.8 മീറ്റര്‍ നീളമുണ്ടായിരുന്നു ഫഌി എന്നു വിളിപ്പേരിട്ടിരുന്ന ഈ സ്രാവിന്. എന്തായാലും ഒരാഴ്ചകൊണ്ട് ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യം വീണ്ടെടുത്ത സ്രാവിനെ തിരികെ കടലിലേക്കയച്ചു.
https://www.facebook.com/Malayalivartha