സ്വന്തം കാലില്‍ നില്‍ക്കുന്ന കണ്‍മണി!
അതിജീവനത്തിന്റെ ഒരു മനോഹരചിത്രമാണ് തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകള്‍ കണ്‍മണി. മകള്‍ക്ക് ശാരീരിക പരിമിതിയുണ്ടെന്ന് ഈ പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും, തന്റെ പരിമിതികള്‍ മറ്റുള്ളവരുടെ സഹതാപമായി മാറ്റാന്‍ കണ്‍മണിയും ഒരുക്കമല്ല, ഈ നിലപാടാണ് കണ്‍മണിയെ കണ്‍മണിയാക്കുന്നതും.
പരിമിതികളെ അതിജീവിച്ച് കാല്‍വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച് പത്താംതരം പരീക്ഷയെഴുതി 9 എ പ്ലസ് ആണ് ഇവള്‍ നേടിയത്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത് ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും വേണ്ടെന്നുവച്ച് നേടിയ വിജയത്തിന് അതിനാല്‍ തിളക്കവും ഏറെയാണ്. താമരക്കുളം വി.വി.എച്ച്.എസ്.എസിലാണ് കണ്‍മണി പഠിക്കുന്നത്. ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ, ഹെലന്‍ കെല്ലറുടെ അതിസാഹസികത, തുടങ്ങി നൂറിലധികം പുസ്തകങ്ങളാണ് കണ്‍മണിയുടെ കരുത്ത്.
കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതിനും, വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനും ഈ കൊച്ചുമിടുക്കിക്ക് കഴിയും. മൊബൈല്‍ ഫോണിലൂടെ സോഷ്യല്‍ മീഡയിയിലും സജീവവുമാണ് ഇവള്‍. പത്ത് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന കണ്‍മണി കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്‌കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട് കണ്‍മണി. ചിത്രരചനയിലും ഇവള്‍ മുന്നിലാണ്. ജലഛായം, എണ്ണഛായം എന്നിവയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി ഈ കൊച്ചു മിടുക്കി. ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവളുടെ കാല്‍വിരലുകള്‍ വരച്ച് ചേര്‍ത്തുകഴിഞ്ഞു.
https://www.facebook.com/Malayalivartha