ഇത് സോട അല്ലടാ... വട്ടു സോഡാ ഡേയ്...!
പോടാ, വാടാ, താടാ എന്നു പറയുന്നപോലെ സോടാ എന്നു പറഞ്ഞാലോ? ആ 'ടാ' യ്ക്ക് ഒരു ഗുമ്മില്ല. 'ടാ' യുടെ സ്ഥാനത്ത് കബാലി ഡായുടെ ഡാ ചേരണം. എങ്കിലേ സോഡായിങ്ങനെ നുരഞ്ഞുപതഞ്ഞുയരൂ. അതു നമ്മള്‍ ഇപ്പോള്‍ കുടിക്കുന്ന, പ്ലാസ്റ്റിക് കുപ്പിയിലും കണ്ണാടിക്കുപ്പിയിലും കിട്ടുന്ന സോഡയുടെ കാര്യം. പക്ഷേ, അതിന്റെ ഒരു ചേട്ടന്‍ സോഡയുണ്ട്, പ്രായമായ സോഡാപ്രേമികളുടെ മനസ്സില്‍ വല്ലാത്ത ശബ്ദത്തോടെ, ശക്തിയോടെ ചീറ്റുന്ന 'വട്ടുസോഡ'!! പച്ചയും നീലയും നിറം കലര്‍ന്ന സുന്ദരനാണ് ഉയര്‍ന്ന തലയുള്ള ഇടുങ്ങിയ കഴുത്തുള്ള വട്ടുസോഡ.
വലിയ ചില്ലുള്ള കണ്ണട ഉപയോഗിക്കുന്നവരുടെ മുഖത്തു നോക്കി ഇന്നും വിളിക്കുന്നത് സോഡാക്കുപ്പി എന്നാണ്. ചെറുപ്പ കാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യം മനസ്സിലേക്ക് വരുന്നത് വട്ടുകളിയാണ് (ഗോലികളി). ഈ ഗൃഹാതുരത്വമാണ് വട്ടുസോഡ പകരുന്ന അനുഭൂതി. തൊണ്ണൂറുകളുടെ അവസാനം വരെ ആളുകള്‍ ഒന്നടങ്കം അംഗീകരിച്ച ജനകീയ പാനീയമായ വട്ടു സോഡയുടെ കുപ്പികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. സോഡ കുടിക്കാനല്ല, ഷോ കേസുകളില്‍ വയ്ക്കാനും ചെടി വളര്‍ത്താനുമാണെന്ന വ്യത്യാസമുണ്ട്.
ഇപ്പോഴും വട്ടു സോഡ വില്‍ക്കുന്ന സ്ഥലമുണ്ട്, ചങ്ങനാശേരിയില്‍. എസ്ബി കോളജിനടുത്ത് വാഴപ്പള്ളി ചിറ്റേട്ടുകളം തങ്കച്ചന്റെ കടയിലും ബോട്ടു ജെട്ടിക്ക് സമീപം അഞ്ചുവിളക്കിനടുത്തുള്ള സലീമിന്റെ കടയിലും ഇപ്പോഴും വട്ടു സോഡ നുരഞ്ഞു പൊങ്ങുന്നുണ്ട്. പുതിയ കുപ്പി വിപണിയില്‍ കിട്ടില്ല എന്നതിനാല്‍ കയ്യിലുള്ള കുപ്പികള്‍ കഴുകി വൃത്തിയായി സൂക്ഷിച്ച് വീണ്ടും സോഡ അടിച്ചു വില്‍ക്കുന്നു.നീളമുള്ള ചില്ലുഗ്ലാസില്‍ ഒരു മുറി നാരങ്ങ പിഴിഞ്ഞ് പഞ്ചസാരയും ചേര്‍ത്തിളക്കി പതയുന്ന സോഡ അതിലേക്ക് ഒഴിച്ച് ഒടുവില്‍ കുടിക്കുന്നതിന് മുന്‍പായി അല്‍പം ഉപ്പും കൂടി ഇടുമ്പോള്‍ മുഖത്തേക്ക് തെറിക്കുന്ന നുര ആസ്വദിച്ച് സോഡാപ്രേമികള്‍ പറയും.................. ഞെരിപ്പ് ഡാാാാാാാാാ!
https://www.facebook.com/Malayalivartha