മഴക്കാല പക്ഷി സര്‍വെ: അപൂര്‍വ ഇനമായ റിപ്ലി മൂങ്ങയെ വയനാട്ടില്‍ കണ്ടെത്തി
സൗത്ത് വയനാട് വനം ഡിവിഷനില്‍ നടത്തിയ മഴക്കാല പക്ഷി സര്‍വേയില്‍ പശ്ചിമഘട്ടത്തിലെ അത്യപൂര്‍വ ഇനത്തില്‍പ്പെട്ട റിപ്ലി മൂങ്ങയെ കണ്ടെത്തി. തെക്കേ വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട തൊള്ളായിരം വനത്തിലാണ് ശ്രീലങ്കന്‍ ബേ ഔള്‍ എന്നറിയപ്പെടുന്ന റിപ്ലി മൂങ്ങയെ കണ്ടത്. സംസ്ഥാന വനം വകുപ്പ്, തൃശൂര്‍ ഫോറസ്ട്രി കോളേജ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായാണ് സര്‍വെ നടത്തിയത്. പക്ഷിനീരീക്ഷകന്‍ ഷബീര്‍ തുറക്കലാണ് റിപ്ലി മൂങ്ങയുടെ ചിത്രം പകര്‍ത്തിയത്.
സംസ്ഥാനത്ത് ആദ്യമായി 1978-ല്‍ സൈലന്റ് വാലിയിലാണ് റിപ്ലി മൂങ്ങയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പത്തു വര്‍ഷം മുമ്പ് വടക്കേ വയനാട്ടിലെ പേരിയ വനത്തിലും ഈയിനം മൂങ്ങയെ കണ്ടിരുന്നു. സമുദ്രനിരപ്പില്‍നിന്നു 1,000 മുതല്‍ 2,200 മീറ്റര്‍ വരെ ഉയരമുള്ള കൊടുമുടികള്‍ ഉള്‍പ്പെടുന്ന തെക്കേവയനാട്ടിലെ വെള്ളരിമല, എളമ്പിലേരിമല, ചെമ്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യര്‍മല, ഈശ്വരമുടി, ബാണാസുരമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ എട്ട്, ഒമ്പത്, 10 തീയതികളിലായിരുന്നു സര്‍വേ. പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂര്‍വമായ സസ്യപക്ഷി വൈവിധ്യത്താല്‍ സമ്പന്നമാണ് തെക്കേവയനാട്ടിലെ മലനിരകള്‍.
ആകെ 118 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കാണാനായത്. ഉയരംകൂടിയ പുല്‍മേടുകളില്‍ മാത്രം വസിക്കുന്ന നെല്‍പൊട്ടന്‍, പോതക്കിളി എന്നിവയെ ചെമ്പ്രമല, വണ്ണാത്തിമല, കുറിച്യര്‍മല, ബാണാസുരന്‍മല എന്നിവിടങ്ങളില്‍ ധാരാളമായി കാണാനായിയെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
ഒമ്പത് ഇനം പരുന്തും ഏഴിനം ചിലപ്പനും അഞ്ചിനം പ്രാവും അഞ്ച് ഇനം മരംകൊത്തിയും ആറിനം ബുള്‍ബുളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ബാണാസുരസാഗര്‍ അണക്കെട്ടില്‍ വലിയ നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ് എന്നിവയെ കണ്ടു.
കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ 35 പക്ഷിനിരീക്ഷകര്‍ സര്‍വേയില്‍ പങ്കെടുത്തു. ഡോ.ആര്‍.എല്‍. രതീഷ്, ശ്വേത ഭാരതി, സഹന, അരുണ്‍ ചുങ്കപ്പള്ളി, അരവിന്ദ് അനില്‍, രാഹുല്‍ രാജീവന്‍, മുഹമ്മദ് അസലം, വി.കെ. അനന്തു, മുനീര്‍ തോല്‍പ്പെട്ടി, ബി. അനുശ്രീ, ഷബീര്‍ തുറക്കല്‍, സബീര്‍ മമ്പാട്, ശബരി ജാനകി എന്നിവര്‍ ഇതില്‍ പ്രമുഖരാണ്. സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ്, റേഞ്ച് ഓഫീസര്‍മാരായ പി.കെ. അനൂപ്കുമാര്‍, ബി. ഹരിശ്ചന്ദ്രന്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആസിഫ്, സെക്ഷന്‍ ഓഫീസര്‍മാരായ കെ.ഐ.എം. ഇക്ബാല്‍, പ്രശാന്ത്, എസ്. പ്രഭാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha