പ്രവചനം സത്യമാകുമോ, ഇന്നാണോ ലോകം അവസാനിക്കുന്ന ആ സെപ്റ്റംബര്‍ 23?
സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാല്‍ ലോകാവസാനം സംബന്ധിച്ച ഈ പ്രവചനം തെറ്റുകതന്നെ ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ 'നിബിറു' എന്ന മറ്റൊരു ഗ്രഹം വന്ന് ഇടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കുമെന്നുമാണ് 'പ്രവചനം'.
യഥാര്‍ഥത്തില്‍ 1970-കള്‍ മുതല്‍ ഈ ഗ്രഹത്തെ ഭൂമിയുടെ അന്തകനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. നിബിറുവിനെ സംബന്ധിച്ച 'വിദഗ്ധ പ്രവചനങ്ങള്‍' പ്രകാരം യഥാര്‍ഥത്തില്‍ നിബിറു 2003-ല്‍ ഭൂമിയില്‍ വന്നിടിക്കേണ്ടതായിരുന്നു. എന്നാല്‍ ചില പ്രത്യേക പ്രാപഞ്ചിക ശക്തികളുടെ ആകസ്മിക ഇടപെടല്‍ ലോകാവസാനത്തെ 2012-ലേയ്ക്ക് നീട്ടിവെച്ചു. എന്നാല്‍ അപ്പോഴും ലോകാവസാനം നടക്കാത്തതിനാലാണ്്്്്്് പ്രവചനക്കാര്‍ 2017 സെപ്റ്റംബറിലേക്ക് നിബിറുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടിയെ മാറ്റിവച്ചത്!
നിബിറു ഗ്രഹം കൂട്ടിയിടിച്ച് ലോകാവസാനം ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഗവേഷകര്‍ ലോകത്തിന് പലതവണ ഉറപ്പു നല്‍കിയിട്ടുണ്ട്. കാരണം അങ്ങനെയൊരു ഗ്രഹം ഇല്ല എന്നതാണ്. നിബിറു അടക്കമുള്ള ഇത്തരം കഥകളൊക്കെ ഇന്റര്‍നെറ്റ് ഹോക്‌സ് (കബളിപ്പിക്കല്‍) ആണെന്ന് നാസ 2012-ല്‍ തന്നെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിബിറുവോ അതുപോലുള്ള ഏതെങ്കിലും ഗ്രഹമോ ഭൂമിയുടെ നേര്‍ക്ക് വരുന്നുണ്ടായിരുന്നെങ്കില്‍ അതിപ്പോള്‍ ഇവിടെ എത്തിയിട്ടുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണുകയെങ്കിലും ചെയ്യാമായിരുന്നു. കാരണം ഈ ഗ്രഹങ്ങള്‍ ഭൂമിയുടെ നേര്‍ക്കു വരുന്നതായുള്ള പ്രവചനങ്ങള്‍ക്ക് ഏതാനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് '' നാസയുടെ പ്രസ്താവനയില്‍ പറയുന്നു.
ബൈബിളില്‍ ലോകാവസാനത്തിന്റെ ചില സൂചനകളുണ്ടെന്ന് ചിലര്‍ കരുതുന്നു. ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും കന്നി , ചിങ്ങം എന്നീ നക്ഷത്ര രാശികളും പ്രത്യേക രേഖയില്‍ വരുന്ന ഒരു സെപ്റ്റംബര്‍ 23-ന് ലോകാവസാനം സംഭവിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നതെന്നാണ് വാദം. എന്നാല്‍ ജോതിശാസ്ത്രപ്രകാരം ഈ വാദങ്ങള്‍ക്ക് വലിയ നിലനില്‍പ്പില്ലെന്ന് ശാത്രജ്ഞര്‍ പറയുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ വരാറുണ്ട്.
2017-ലും അക്കാര്യത്തിന് സവിശേഷതകളൊന്നുമില്ലെന്ന് കോള്‍ഗേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആന്തോണി അവേനി വ്യക്തമാക്കുന്നു. ബൈബിള്‍ പുതിയനിയമം എഴുതപ്പെടുന്ന കാലത്ത് കന്നിരാശി എന്നത് ഹീബ്രു ജ്യോതിശാസ്ത്രത്തില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും പുരാതനകാലത്തെ ജ്യോതിശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന അവേനി പറയുന്നു. ഇത്തരം കഥകളോടുള്ള മനുഷ്യന്റെ അഭിനിവേശത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവികളുടെയും അന്യഗ്രഹങ്ങളുടെയും 'ആക്രമണങ്ങള്‍' ഭൂമിയ്ക്ക് ഇനിയും 'നേരിടേണ്ടി' വരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha