അഭിനയമോഹം സാക്ഷാത്ക്കരിക്കാന്‍ സഹായം ആവശ്യപ്പെട്ട് സ്വന്തം അമ്മാവന് നല്‍കിയ ജയറാമിന്റെ ഫോട്ടോ എംടിയുടെ കൈയ്യില്‍!
35 വര്‍ഷം മുമ്പ് സിനിമയിലഭിനയിക്കാന്‍ അവസരം തേടി അമ്മാവന്‍ മലയാറ്റൂരിനെ ഏല്‍പ്പിച്ച ഫോട്ടോ എംടി വാസുദേവന്‍ നായരുടെ കൈയ്യില്‍ കണ്ടതിന്റെ അത്ഭുതത്തിലാണ് നടന്‍ ജയറാം.
തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ കലോത്സവത്തിനെത്തിയതായിരുന്നു നടന്‍. അതിഥി മുറിയില്‍വെച്ച് എം.ടി. വാസുദേവന്‍ നായര്‍ നീട്ടിയ ആ ഫോട്ടോ വാങ്ങി നോക്കിയയുടന്‍ ജയറാം അത് തിരിച്ചറിഞ്ഞു. ജയറാമിന്റെ ജീവിതത്തിലെ അപൂര്‍വമായ ഒരു നിമിഷമായിരുന്നു അത്.
''മലയാറ്റൂരിന്റെ ചില പഴയ പുസ്തകങ്ങള്‍ പരതിയപ്പോള്‍ ലഭിച്ചതാണ്, വിദ്യാരംഭ കലോത്സവത്തിനെത്തിയാല്‍ സമ്മാനിക്കാമെന്ന് കരുതി സൂക്ഷിച്ചു'' എം.ടി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ജയറാമിന്റെ മുഖത്ത് ചമയങ്ങളില്ലാത്ത ചിരിത്തിളക്കം.
ഫോട്ടോയുടെ രഹസ്യം ജയറാം വെളിപ്പെടുത്തിയത് കലോത്സവ ഉദ്ഘാടന വേദിയിലാണ്. ''ഡിഗ്രി പഠനത്തിന് ശേഷം സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി മലയാറ്റൂരിനെ സമീപിക്കുകയായിരുന്നു. സിനിമ തൊഴിലാക്കാനാണോ പരിപാടി എന്നായിരുന്നു ചോദ്യം. അങ്ങനെയൊന്നുമില്ലെന്ന് മറുപടി. എങ്കില്‍ ഒരു ഫോട്ടോ താ, ശ്രമിക്കാം എന്ന് പറഞ്ഞു. അന്ന് കൈമാറിയ പടം മലയാറ്റൂര്‍ എം.ടിക്കാണ് നല്‍കിയതെന്ന് ഇപ്പോഴാണറിയുന്നതത്രേ.
ദേശീയ പുരസ്‌കാരം ലഭിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം പകരുന്നതാണിത് ഫോട്ടോ ഉയര്‍ത്തി ജയറാം പറഞ്ഞു. കഴിഞ്ഞവര്‍ഷവും ക്ഷണിച്ചിരുന്നതാണെന്നും വിദേശ പരിപാടി ഉണ്ടായിരുന്നതിനാലാണ് സാധിക്കാതിരുന്നതെന്നും ജയറാം വ്യക്തമാക്കി. ഒടുവില്‍ കമലഹാസനെ അനുകരിച്ച് മിമിക്രിയും അവതരിപ്പിച്ചതോടെ സദസ്സില്‍ ആഹ്ലാദാരവമുയര്‍ന്നു.
https://www.facebook.com/Malayalivartha