ഓസ്‌ട്രേലിയയിലെ ടൈഗര്‍ സ്‌നേക്കുകള്‍ക്ക് വൈകല്യവും അന്ധതയും!
ദക്ഷിണ ഓസ്‌ട്രേലിയയിലെ തുരുത്തുകളില്‍ കാണപ്പെടുന്ന പാമ്പുകളാണ് ടൈഗര്‍ സ്‌നേക്കുകള്‍. വീര്യമേറിയ വിഷമുള്ള ഇവറ്റകള്‍ നല്ല ഇറച്ചിക്കൊതിയന്മാരുമാണ്. എന്നാല്‍ തുരുത്തുകളില്‍ കണ്ടെത്തിയ ഭൂരിഭാഗം പാമ്പുകളുടെയും ശരീരത്തില്‍ പരിക്കുള്ളതായും പത്തിലൊരു പാമ്പിന് അന്ധതയുള്ളതായും, തലയ്ക്ക് ഏറെ പരിക്കേറ്റിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ജന്തു ശാസ്ത്രജ്ഞനായ സര്‍ ഡേവിഡ് അറ്റണ്‍ബോറോ ആണ് ഒടുവില്‍ ഇതിന്റെ കാരണം കണ്ടെത്തിയത്.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഏറെ കാണപ്പെടുന്ന സില്‍വര്‍ ഗള്‍സ് എന്ന കടല്‍ക്കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഈ തുരുത്തുകള്‍. മുട്ടവിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് ഇറച്ചിക്കൊതിയന്‍മാരായ ടൈഗര്‍ സ്‌നേക്കുകളുടെ ഇഷ്ടഭക്ഷണം. എന്നാല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന പാമ്പുകളെ കടല്‍കൊക്കുകള്‍ വെറുതെ വിടാറില്ല. ഇവയുടെ മൂര്‍ച്ചയേറിയ നീളന്‍ ചുണ്ട് പാമ്പുകളുടെ തലതകര്‍ക്കാന്‍ പോന്നവയാണ്.
കടല്‍ക്കൊക്കുകളുടെ കൊത്തേറ്റാണ് ടൈഗര്‍ സ്‌നേക്കുകളുടെ കണ്ണുകള്‍ തകര്‍ന്നതെന്നും തലയ്ക്ക് സാരമായ പരിക്കേറ്റിരിക്കുന്നതെന്നും അറ്റണ്‍ബോറോ തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു. പാമ്പുകളുടെ തല ലക്ഷ്യമാക്കിത്തന്നെ കൃത്യമായി കൊത്താന്‍ കടല്‍കൊക്കുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ഭക്ഷണക്രമത്തില്‍ ഒരുമാറ്റവും വരുത്താന്‍ ടൈഗര്‍ സ്‌നേക്കുകള്‍ തയ്യാറല്ല. മണം പിടിക്കാനും കൂടി കഴിയുന്ന ഇവയുടെ നീളന്‍ നാവാണ് കാഴ്ച നഷ്ടപ്പെട്ടാലും ഇര പിടിക്കാന്‍ ഇവയെ സഹായിക്കുന്നത്. കൂട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത പക്ഷിക്കുഞ്ഞുങ്ങളെ ഇവ പിടികൂടും.
https://www.facebook.com/Malayalivartha