രാജ്യം വണങ്ങുന്ന ദേവത അവള്‍!
തൃഷ്ണ ശാകയ്ക്ക് വെറും മൂന്നുവയസ്സേ ആയിട്ടുള്ളു, പക്ഷെ ഇന്ന് ഒരു രാജ്യത്തിന്റെ മുഴുവന്‍ ദേവതയാണ്. ദേവതയെന്നാല്‍ ജീവിക്കുന്ന ദേവത. രജസ്വലയാകും വരെ ഇനി അവളായിരിക്കും നേപ്പാളിന്റെ കുമാരി ദേവി. അവളുടെ കാലില്‍ മണ്ണു പറ്റാതെ, അവള്‍ക്ക് നോവാതെ, എന്നും വര്‍ണ്ണാഭമായ പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിയിച്ച് അവര്‍ അവളെ ആനയിക്കും. വിശേഷ ദിവസങ്ങളില്‍ അവര്‍ അവളെ നഗരത്തില്‍ എഴുന്നെള്ളിക്കും. ഒരു രാജ്യം മുഴുവന്‍ അപ്പോള്‍ അവള്‍ക്കു മുന്നില്‍ തൊഴുതു നില്‍ക്കും.
നേപ്പാളിന്റെ മാത്രം പ്രത്യേകതയാണീ ചടങ്ങുകള്‍. കാഠ്മണ്ഡുവിലെ ദേവീക്ഷേത്രത്തിനടുത്തുള്ള കൊട്ടാരത്തിലാണ് ജീവനുള്ള ദേവിയെ അവര്‍ കുടിയിരുത്തുന്നത്. ഇപ്പോഴുള്ള ദേവത രജസ്വലയായി. അതുകൊണ്ട് അവരെ ഒഴിവാക്കി ലൗകിക ജീവിതത്തിന് അനുവദിക്കും. അവരെ നീക്കും മുന്‍പു തന്നെ പുതിയ ദേവതയെ കണ്ടെത്താന്‍ നടപടി തുടങ്ങിയിരുന്നു. ജാതകമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ദേവതയെ കണ്ടെത്തുക. ദേവിക്ക് ധൈര്യമുണ്ടായിരിക്കണം. അതു കണ്ടെത്താനും വഴിയുണ്ട്. ഒരു പോത്തിനെ ബലിയര്‍പ്പിക്കും. ആ ദൃശ്യം കണ്ട് അവള്‍ കരഞ്ഞില്ലെങ്കില്‍ അവള്‍ ധൈര്യശാലി തന്നെ.
അങ്ങനെ യോഗ്യയാണെന്ന് കണ്ടെത്തിയ തൃഷ്ണയെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ദേവിയായി അവരോധിക്കും. അതു കഴിഞ്ഞാല്‍ അവളെ കുടുംബത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കും. കാഠ്മണ്ഡുവിലെ കൊട്ടാരത്തിലാകും താമസിപ്പിക്കുക. പ്രത്യേക പരിചാരകരാണ് അവളെ പരിപാലിക്കുക. ഒരു വര്‍ഷം 13 ദിവസം മാത്രമേ വീട്ടില്‍ പോകാന്‍ അനുവദിക്കൂ.
https://www.facebook.com/Malayalivartha