സകല ജീവജാലങ്ങളെയും നിയന്ത്രിക്കുന്ന ജൈവഘടികാരം എന്ന അദ്ഭുതത്തെക്കുറിച്ചറിയാം
മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാര(Biological Clock/Circadian Rhythm)ത്തിന്റെ പ്രവര്‍ത്തന രഹസ്യങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച മികവിനാണ് അംഗീകാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു. 11 ലക്ഷം ഡോളറാണ് അവാര്‍ഡ് തുക.
രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് ഓരോ സസ്യവും മൃഗവും മനുഷ്യനും അതിന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നുമുണ്ട്. ഇത് നാം അറിയാതെ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനമാണ്. എങ്ങനെയാണ് ഇത്തരമൊരു ജൈവഘടികാരം ഓരോ ജീവജാലങ്ങളിലും 'സെറ്റ്' ചെയ്യപ്പെടുന്നതെന്ന പഠനം പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണത്തിലെ നിര്‍ണായക നേട്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലാണുണ്ടായത്. നിലവില്‍ നൊബേല്‍ ലഭിച്ച മൂന്നു പേരും അക്കാര്യത്തില്‍ നിര്‍ണാക സംഭാവനകളും നല്‍കിയിരുന്നു. ചുറ്റുപാടുകള്‍ക്കനുസരിച്ച് ഓരോ സസ്യജന്തുജാലവും തങ്ങളുടെ ജൈവഘടികാരം തയ്യാറാക്കുന്നതിന്റെ തന്മാത്രാ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു മൂവരുടെയും ഗവേഷണം. വ്യത്യസ്ത ടൈം സോണുകളിലൂടെ ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഉറക്കത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാന്‍ ഇവരുടെ കണ്ടുപിടിത്തങ്ങള്‍ക്കായി.
ഇത്തരത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ചില രോഗങ്ങള്‍ ഇത്തരക്കാരെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തിലുള്ള താളപ്പിഴകളാണ് പ്രശ്‌നം. എന്നാല്‍ ജൈവഘടികാര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജീന്‍ വേര്‍തിരിച്ചെടുത്തതോടെ ഇതിനുള്‍പ്പെടെ പരിഹാരം കണ്ടെത്താനായി.പഴ ഈച്ചകളില്‍ നിന്നായിരുന്നു 'പിരിയഡ് ജീന്‍' എന്ന ആ നിര്‍ണായക ജീന്‍ വേര്‍തിരിച്ചെടുത്തത്. ഈ ജീനില്‍ ഒരു പ്രത്യേകതരം പ്രോട്ടീനുണ്ട്. രാത്രികാലങ്ങളില്‍ ഇവ ശരീരകോശങ്ങളില്‍ സജീവമാകുകയും പകല്‍സമയത്ത് നിഷ്‌ക്രിയമാവുകയും ചെയ്യും.
കോശങ്ങളിലെ ഈ പ്രത്യേകജീനുകളാണ് രാവും പകലും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മനുഷ്യന്റെ സ്വഭാവത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ഓരോ ജീവജാലത്തിന്റെയും സ്വഭാവം, ഹോര്‍മോണ്‍ ലെവല്‍, ഉറക്കം, ശരീരതാപം, ശരീരപോഷണ പ്രക്രിയ(ാലമേയീഹശാെ) എല്ലാം ക്രമപ്പെടുത്താന്‍ ജൈവഘടികാരത്തിനും സാധിക്കുന്നത് എങ്ങനെയെന്ന രഹസ്യം തിരിച്ചറിഞ്ഞതോടെ വൈദ്യശാസ്ത്രത്തില്‍ ഉത്തരം കിട്ടാതിരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ഉത്തരമായത്.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജൈവഘടികാരം കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ജെഫ്രി സി.ഹോള്‍, മൈക്കെല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ല്യു. യങ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
https://www.facebook.com/Malayalivartha