2600 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രം പറയുന്ന നാണയശേഖരവുമായി ഇരട്ട സഹോദരങ്ങളായ ലൈജുവും ലിജുവും
ചരിത്രഗവേഷകര്‍ക്ക് വഴികാട്ടിയായി ഇരട്ടസഹോദരങ്ങളുടെ അത്യപൂര്‍വ്വ നാണയ ശേഖരം. പാലക്കാട് കുന്നത്തൂര്‍മേട് ചിറക്കാട് ചിറയത്ത് വീട്ടില്‍ ലൈജു-ലിജു എന്നീ സഹോദരങ്ങളാണ് ഇന്ത്യയുടെ 2600 വര്‍ഷത്തെ ചരിത്രം പറയുന്ന ചരിത്ര നാണയശേഖരവുമായി ചരിത്രാന്വേഷണ കുതുകികള്‍ക്ക് ആവേശമായത്.
കഴിഞ്ഞദിവസം വടക്കഞ്ചേരി സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലും ഇവരുടെ നാണയ-കറന്‍സി പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. രണ്ടുമിനിറ്റിന്റെ മൂപ്പില്‍ ലൈജുവാണ് ജ്യേഷ്ഠന്‍. പാലക്കാട് ഫോക്കസ് ഗേറ്റ് ഡയറക്ടറാണ് ലൈജു.ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് അനുജന്‍ ലിജു. ഇവരുടെ ഭാര്യമാരും ഇരട്ടകളാണ്. എറണാകുളം വൈറ്റില സ്വദേശികളായ ലിമയും ഹിമയും. അമ്മ സിസിലി ജോണി. പരേതനായ ജോണിയാണ് പിതാവ്.
വടക്കഞ്ചേരി വള്ളിയോട് ഗലീലി യൂണിറ്റിലെ അധ്യാപകനായ കുരീക്കാട്ടോരത്തേല്‍ ജയിന്റെ ഭാര്യ ലിജിയാണ് സഹോദരി. ഇവര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ അധ്യാപികയാണ്. ബി സി അറുന്നൂറ് കാലഘട്ടത്തിലെ ഗാന്ധാര, ശൂരസേന, കോസല തുടങ്ങിയ മഹാജനപദങ്ങളില്‍ ഉപയോഗിച്ചിരുന്ന സൂര്യന്‍, ആന, വൃക്ഷം, മാല എന്നീ ചിത്രങ്ങള്‍ ആലേഖനം ചെയ്ത അച്ചുകുത്ത് നാണയങ്ങള്‍ മുതല്‍ ഇന്തോഗ്രീക്ക്, പാഞ്ചാല, സതവാഹന, കുഷാന തുടങ്ങി അതിപുരാതന രാജവംശങ്ങളുടെ നാണയങ്ങളും ലൈജുവിന്റെയും ലിജുവിന്റെയും മഹാനാണയ ശേഖരത്തിലുണ്ട്.
എഡി 700 മുതല്‍ എഡി 1600 വരെയുള്ള മെഡിവീയല്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ രാജവംശങ്ങളുടെ നാണയങ്ങളും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യകാലംവരെ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന വിവിധ നാട്ടുരാജാക്കാന്മാരുടെ കാലത്തുള്ള നാണയങ്ങളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.
ചരിത്രനാണയ ശേഖരത്തോടൊപ്പം 220 വ്യത്യസ്ത രാജ്യങ്ങളുടെ ഭൂപടങ്ങളും പതാകയും ഉള്‍പ്പെടുത്തിയ ശേഖരവുമുണ്ട്. 1947 മുതല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ കറന്‍സികളും ഒന്നാംലോക മഹായുദ്ധകാലഘട്ടങ്ങളിലും രണ്ടാംലോക മഹായുദ്ധ കാലഘട്ടത്തിലും പുറത്തിറങ്ങിയ വിവിധ രാജ്യങ്ങളുടെ കറന്‍സികളും ഇവരുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ശേഖരത്തിലുണ്ട്.
എട്ടാംക്ലാസ് പഠനകാലത്താണ് ലൈജുവും ലിജുവും അപൂര്‍വ്വ നാണയശേഖരം ആരംഭിച്ചത്. തൃശൂരില്‍ സപ്ലൈകോയില്‍ ജോലി ചെയ്യുന്ന ഇവരുടെ ആന്റി ലീനയായിരുന്നു പ്രചോദനം. ഇപ്പോള്‍ വീട്ടിലെ ഒരു മുറിതന്നെ നാണയത്തിനും കറന്‍സിക്കുമായി മാറ്റിവച്ചിരിക്കുകയാണ്.
മാസശമ്പളത്തിന്റെ വലിയൊരു ഭാഗം നാണയശേഖരണത്തിനായി മാറ്റിവയ്ക്കുന്നതായി ഇവര്‍ പറഞ്ഞു. അത്യപൂര്‍വ്വ നാണയശേഖരമാണെങ്കില്‍ അത് സ്വന്തമാക്കാന്‍ വലിയ തുക മുടക്കണം. തങ്ങളുടെ ശേഖരങ്ങളില്‍ ഇല്ലാത്ത നാണയമാണെങ്കില്‍ പിന്നെ പണമൊന്നും നോക്കില്ല. എന്തുവിലകൊടുത്തും നാണയം സ്വന്തമാക്കും. നാണയങ്ങളുടെ പഴക്കവും ചരിത്രവും അറിയാന്‍ പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകരുടെ സഹായവും ഇവര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha