30 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ചവര്‍ വിരമിച്ചത് 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍!
ജനിച്ചുവീണത് 30 മിനിറ്റുകളുടെ വ്യത്യാസത്തിലാണെങ്കില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചത് 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍. ഇരട്ടകളായ ജറമിയും നിക്കുമാണ് ഈ അപൂര്‍വ്വ നിമിഷങ്ങളുടെ കാരണഭൂതര്‍. ഇരുവരുടെയും അറുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഒപ്പം ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ദിവസവും. അഞ്ചു വര്‍ഷമായി ബ്രിട്ടീഷ് എയര്‍ വേയ്സിന്റെ വൈമാനികരായിരുന്നു ഇരുവരും. ഇരുവരും സീനിയര്‍ റാങ്കിലുള്ളവരായതിനാല്‍ ഇതുവരെ ഒരുമിച്ച് വിമാനം പറത്തിയിട്ടില്ല.
സ്വീഡനിലെ ഗോഥന്‍ബര്‍ഗില്‍നിന്ന് അവസാന യാത്ര തുടങ്ങിയ നിക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.34ന് ലണ്ടനില്‍ ലാന്‍ഡ് ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നിന്നു തിരിച്ച ജറമിയാവട്ടെ 12.35ന് ലാന്‍ഡ് ചെയ്തു. കേവലം 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഇരുവരും ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ഇരുവരും ആകെ 45,000 മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുണ്ട്. 20 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുമുണ്ട്.
ആദ്യകാലത്ത് ഇരുവരും രണ്ടു വിമാനക്കമ്പനികളിലായിരുന്നു ജോലിചെയ്തിരുന്നത്. ജറമി ബ്രിട്ടീഷ് എയര്‍വേസിലായിരുന്നപ്പോള്‍ നിക്ക് ബ്രിട്ടീഷ് മിഡ്‌ലാന്‍ഡിലെ പൈലറ്റായിരുന്നു. നിക്കിനെ കണ്ട് ജറമിയാണെന്നു തെറ്റിദ്ധരിച്ച് സഹപ്രവര്‍ത്തകന്‍ എന്തിനാണ് ബ്രിട്ടീഷ് മിഡ്‌ലാന്‍ഡിന്റെ യൂണിഫോം അണിഞ്ഞതെന്നു ചോദിച്ച് വഴക്കുണ്ടാക്കിയിട്ടുണ്ട്. താന്‍ ജറമിയല്ല എന്ന് പറഞ്ഞു മനസിലാക്കാന്‍ കുറേ പാടുപെട്ടെന്ന് നിക്ക് പറയുന്നു.
https://www.facebook.com/Malayalivartha