ഒരു ഇന്ത്യന്‍ കട്ടില്‍ ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്നത് അന്‍പതിനായിരം രൂപയ്ക്ക്; പരസ്യത്തെ പരിഹസിച്ച് ഇന്ത്യക്കാര്‍
നമ്മുടെ വീടുകളില്‍ നിന്ന് എന്നേ മറഞ്ഞുകഴിഞ്ഞതാണ് കയര്‍ കട്ടിലുകള്‍. കയര്‍ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്ന് നമ്മള്‍ അത്രയധികമൊന്നും ഉപയോഗിക്കുന്നില്ല. എന്നാല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ചണത്തിന്റെ കയര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ കട്ടിലുകള്‍ (ചാര്‍പോയ്) സുലഭമാണ്.
എന്നാല്‍, നമ്മള്‍ ഉപേക്ഷിച്ച ചണം കൊണ്ടുള്ള കട്ടിലിന് ഓസ്‌ട്രേലിയയില്‍ വലിയ ഡിമാന്റാണ്. വിലയോ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം. ഓസ്‌ട്രേലിയയില്‍ പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ അമ്പതിനായിരം രൂപയ്ക്ക് വില്‍പനയ്ക്കുവെച്ചിരിക്കുന്ന അത്യപൂര്‍വ്വവും ആരോഗ്യദായകവുമായ അപൂര്‍വ്വവസ്തുവാണ് ഈ കട്ടില്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഈ പരസ്യം.
ഈ വിശേഷപ്പെട്ട പരമ്പരാഗത ഇന്ത്യന്‍ കട്ടിലിനെക്കുറിച്ചുള്ള വിശദാംശങ്ങളോടെയാണ് പരസ്യ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. വളരെയേറെ സുഖപ്രദവും പരമ്പരാഗത ഇന്ത്യന്‍ രൂപകല്‍പനയിലുള്ള ഓസ്‌ട്രേലിയന്‍ നിര്‍മിതവുമാണ് കട്ടില്‍ എന്നതാണ് വിശേഷണം. മേപ്പിള്‍ മരത്തിന്റെ തടികൊണ്ട് നിര്‍മിച്ചതാണ് കട്ടില്‍. കൈകൊണ്ടാണ് കട്ടിലിന്റെ കയര്‍ പാകിയിരിക്കുന്നതെന്നതും കട്ടിലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള വലിപ്പത്തില്‍ നിര്‍മിച്ചു നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.
ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രേലിയക്കാരനാണ് കയര്‍ കട്ടില്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച് വില്‍പന നടത്തുന്നത്. കിടക്ക നിര്‍മാണ കമ്പനി നടത്തുന്ന സിഡ്‌നിക്കാരനായ ഡാനിയല്‍ ബ്ലൂര്‍ 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരം കട്ടില്‍ ആദ്യമായി കാണുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ സംഗതി കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. സിഡ്‌നിയില്‍ തിരിച്ചെത്തിയ ഡാനിയല്‍ ഇത്തരമൊരു കട്ടില്‍ സ്വയം നിര്‍മിച്ചുനോക്കി. മറ്റൊന്ന് സുഹൃത്തിന് ഉണ്ടാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇത്തരം കട്ടിലുകള്‍ നിര്‍മിച്ച് വില്‍പന നടത്താനുള്ള ആശയം ഉടലെടുത്തത്.
990 ഓസ്‌ട്രേലിയന്‍ ഡോളറാണ് (50,000) കട്ടിലിന് വിലയിട്ടിരിക്കുന്നത്. കട്ടില്‍ നിര്‍മിക്കുന്നതിനാവശ്യമായ മരത്തിനും ചണക്കയറിനുമായി ഇതില്‍ പകുതിയോളം തുക ചെലവാകുമെന്ന് ഡാനിയല്‍ ബ്ലൂര്‍ പറയുന്നു. കട്ടിലിന്റെ ചട്ടം ഉണ്ടാക്കുന്നത് വലിയ പ്രയാസമുള്ള പണിയാണെന്നും കട്ടില്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയിലധികം സമയം വേണമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് കട്ടിലിന് ഇത്രയും വിലയിട്ടിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എന്നാല്‍ ഡാനിയലിന്റെ കച്ചവടം തകര്‍ക്കാനാണ് ഇന്ത്യക്കാരായ സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ ശ്രമം. പരസ്യത്തെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തുച്ഛമായ വിലയ്ക്ക് കിട്ടുന്നതാണ് ഇത്തരം കട്ടിലെന്നും അത്യപൂര്‍വ്വമായ കട്ടിലിനെക്കുറിച്ചുള്ള അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് അവര്‍ പറയുന്നു. ഏതായാലും, കയര്‍ കട്ടില്‍ നിര്‍മിച്ച് കുറച്ച് പണമുണ്ടാക്കാനുള്ള ഡാനിയലിന്റെ തന്ത്രത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യക്കാര്‍.
https://www.facebook.com/Malayalivartha