കുറുനരിവാലന്‍ ഓര്‍ക്കിഡ് അഥവാ റിങ്കോസ്‌റ്റൈലിസ് റെട്ടൂസ്
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനായാസം വളരുന്ന ഓര്‍ക്കിഡ് പുഷ്പമാണ് കുറുനരിവാലന്‍ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്‌റ്റൈലിസ്. മുഴുവന്‍ പേര് റിങ്കോസ്‌റ്റൈലിസ് റെട്ടൂസ്. ഇതിന്റെ പൂക്കള്‍ നിറഞ്ഞ പൂങ്കുല കുറുനരിയുടെ വാലുപോലെ താഴേക്ക് നീണ്ട് തൂങ്ങി കിടക്കും. അങ്ങനെയാണ് റിങ്കോസ്‌റ്റൈലിസിന് കുറുനരിവാലന്‍ ഓര്‍ക്കിഡ് എന്ന് പേരുകിട്ടിയത്. നമുക്കു സുപരിചിതമായ മരവാഴ അഥവാ വാന്‍ഡ വിഭാഗത്തില്‍പ്പെട്ട ഓര്‍ക്കിഡ് ചെടിയാണ് കുറുനരിവാലന്‍. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ വീതി ഇലയന്‍ വാന്‍ഡയോട് വളരെ സാമ്യമുള്ള ചെടി.
താഴേക്ക് ഞാന്നുകിടക്കുന്ന പൂങ്കുലയില്‍ വെളുത്ത നിറത്തില്‍ പിങ്ക് പുള്ളിയുള്ള നൂറിലേറെ പൂക്കള്‍ കാണും. അത്രത്തോളം പൂക്കള്‍ തിങ്ങിഞെരുങ്ങി പുഷ്പസമൃദ്ധമാണ് ഓരോ പൂങ്കുലയും. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയരത്തിലുള്ള ഇലപൊഴിയും കാടുകളില്‍ ഇതു സമൃദ്ധമായി വളരുന്നു. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ബര്‍മ്മ, കമ്പോഡിയ, ചൈന, ഇന്തോനേഷ്യ, ലാ വോസ്, മലേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെല്ലാം കുറുനരിവാലന്‍ ഓര്‍ക്കിഡ് സര്‍വവ്യാപിയാണ്.
ഇന്ത്യയില്‍ ഇതേറ്റവുമധികം വളരുന്നത് കേരളത്തിനു പുറമേ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഒഡീഷയിലും ആന്ധ്രപ്രദേശിലുമാണ്. പൂങ്കുലയുടെ വിസ്മയകരമായ ഭംഗി കണ്ട് ഈ ഓര്‍ക്കിഡ് അതിന്റെ ആവാസകേന്ദ്രങ്ങളില്‍ നിന്നും തന്നെ വന്‍തോതില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുക പതിവാണ്. അങ്ങനെ ഫോക്‌സ്‌ടെയില്‍ ഓര്‍ക്കിഡ് ഇന്ന് ഒരര്‍ഥത്തില്‍ വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്നു എന്നു പറയാം. അതുകൊണ്ടു തന്നെ ഇവയെ സംരക്ഷിച്ചു വളര്‍ത്തേണ്ടതും അത്യാവശ്യമാണ്. അരുണാചല്‍ പ്രദേശിന്റേയും ശ്രീലങ്കയിലെ ഉവ പ്രവിശ്യയുടെയും സംസ്ഥാന പുഷ്പം എന്ന പദവിയും കുറുനരിവാലന്‍ ഓര്‍ക്കിഡിനുണ്ട്. ഹിന്ദിയില്‍ ദ്രൗപതി മാല എന്നാണിതിനു പേര്.
https://www.facebook.com/Malayalivartha