പശുവിനെ മോഷ്ടിച്ചത്, കയര്‍ കഷണവും, ചാണകവും വെച്ച് അതിവിദഗ്ദ്ധമായി പോലീസ് കണ്ടുപിടിച്ചു
പശുവിനെ മോഷ്ടിച്ച് അതിവിദഗ്ധമായി അറുത്തുവിറ്റയാളെ പോലീസ് കുടുക്കി. പശുവിന്റെ കയറിന്റെ ഒരു കഷ്ണവും, ചാണകവും തൊണ്ടിമുതലാക്കിയാണ് പശുവിനെ മോഷ്ടിച്ചയാളെ കുടുക്കിയത്. കണ്ണൂരിലാണ് സംഭവം നടന്നത്.
ഇടക്കേപ്പുറം പടിഞ്ഞാറെ മുണ്ടവളപ്പില്‍ വത്സന്റെ നാലുവയസുള്ള കറുത്ത പശുവാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയത്. പറമ്പില്‍ കെട്ടിയ പശുവിനെ കാണാതാകുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തി. പശുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് പോലീസ് അടുത്തുള്ള പാടത്ത് വരെ എത്തി. ആ വയലിനു ശേഷം കാലടികള്‍ അപ്രത്യക്ഷമായതോടെ പശുവിനെ അറുത്തുകാണുമെന്ന് പോലീസിന് സംശയം ഉയര്‍ന്നു.
പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ വളപട്ടണത്തുള്ള തുകല്‍ ഫാക്ടറിയില്‍ നിന്ന് കറുത്ത തുകല്‍ ലഭിച്ചു. എന്നാല്‍ അവിടെ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകളിലും അന്വേഷിച്ചുവെങ്കിലും ഈ തുകലിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് പശുവിനെ ആവശ്യപ്പെട്ട് ഒരു സംഘം കറങ്ങിയതായി പോലീസിന് നിര്‍ണായാകമായ വിവരം ലഭിച്ചത്.
പിന്നാലെ സമീപപ്രദേശത്ത് നിന്ന് മണല്‍വാരാന്‍ ഉപയോഗിക്കുന്ന ചീനകള്‍ കൂട്ടിയിട്ടതിന്റെ മറവില്‍ അറവ് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. അവിടെ നിന്ന് കിട്ടിയ കയറിന്റെ കഷ്ണം തന്റെ പശുവിന്റേതാണെന്ന് ഉടമ തിരിച്ചറിഞ്ഞു. സമീപത്തു നിന്ന് ചാണകവും കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു. അവിടെ അറവു നടത്തുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പശുവിനെ വിറ്റയാളെക്കുറിച്ച് മൊഴി കിട്ടിയത്. തുടര്‍ന്ന് മടക്കര സ്വദേശിയായ കൊവമ്മല്‍ ഹൗസില്‍ ആഷിക്(21) നെ പോലീസ് വലയിലാക്കി. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി പശുവിനെ മോഷ്ടിച്ചയാള്‍ വയലിലൂടെ പരസ്യമായാണ് പശുവിനെ കൊണ്ടുപോയത്.
https://www.facebook.com/Malayalivartha