പോര്‍ച്ചുഗലിലെ കാട്ടുതീയ്ക്കിടെ ഞെട്ടിക്കുന്ന കാഴ്ചയായി 'തീച്ചെകുത്താന്‍'
രാവും പകലുമില്ലാതെ ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ അധ്വാനിക്കുകയണ് പോര്‍ച്ചുഗലില്‍. അത്രയേറെ രൂക്ഷമായ കാട്ടുതീയാണ് രാജ്യത്ത് നടമാടുന്നത്. ഈ വര്‍ഷം രാജ്യത്തുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും കാട്ടുതീയുടെ കരുത്ത് കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. വരണ്ടുണങ്ങിയ ഭൂമിയില്‍ തളര്‍ന്നുകരിഞ്ഞ ചെടികളെയെല്ലാം നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങുന്നത്. അനേകായിരങ്ങള്‍ തീപ്പേടിയില്‍ വിറച്ചു കഴിയുമ്പോഴാണ് ആ കാഴ്ച ലോകത്തിനു മുന്നിലെത്തിയത്. കാഴ്ച കുടുങ്ങിയതാകട്ടെ പോര്‍ച്ചുഗലിലെ ടിവിഐ ചാനലിന്റെ ക്യാമറയ്ക്കു മുന്നിലും. ഒക്ടോബര്‍ എട്ടിനായിരുന്നു സംഭവം. 'ഫയര്‍ ഡെവിള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രതിഭാസമാണ് ഞെട്ടിക്കുന്ന കാഴ്ചയായി മുന്നിലെത്തിയത്.
'ഇന്‍ടു ദ് സ്‌റ്റോം' എന്ന ഹോളിവുഡ് സിനിമ കണ്ടവര്‍ക്ക് പരിചിതമായിരിക്കും ഫയര്‍ ഡെവിളിനു സമാനമായ പ്രതിഭാസം. ചുഴലിക്കാറ്റിനു തീ പിടിച്ച അവസ്ഥ തന്നെ. ചിത്രത്തില്‍ പക്ഷേ തീപിടിച്ച പ്രദേശത്തേക്കെത്തുന്ന ചുഴലിക്കാറ്റിലേക്ക് തീ പടര്‍ന്നു കയറുന്നതാണ്. അതിനെ 'ഫയര്‍ ടൊര്‍ണാഡോ' എന്നാണു വിളിക്കുക. അതിന്റെ ഒരു ചെറുപതിപ്പായിട്ടു വരും 'ഫയര്‍ ഡെവിള്‍'. കാട്ടുതീയെത്തുടര്‍ന്നുണ്ടാകുന്ന കാറ്റാണ് ഈ പ്രതിഭാസം സൃഷ്ടിക്കുന്നത്. ഈ കാറ്റ് ചുഴറ്റിയെറിയപ്പെട്ട പോലെ ചാരത്തെ മുകളിലേക്ക് ഉയര്‍ത്തും. അതിലേക്ക് തീ പടര്‍ന്നു കയറും. ചുറ്റിലും ആഞ്ഞുകത്തുന്ന തീയ്ക്കിടെ അഗ്‌നിയുടെ ഒരു ചെറു സ്തംഭം; അതുമല്ലെങ്കില്‍ അഗ്‌നി കൊണ്ടുണ്ടാക്കിയ ഒരു കയര്‍ ആകാശത്തേക്കു കയറിപ്പോകുന്നതു പോലെ.
അഗ്‌നിയുടെ ഭീകരതാണ്ഡവത്തിനിടെ അതിലും ഭീകരമായ കാഴ്ചയായതിനാലാണ് ഇതിനെ 'ഫയര്‍ ഡെവിള്‍' എന്നു വിളിക്കുന്നത്. ശരിക്കും ചെകുത്താന്‍ കയറിയതു പോലെയായിരിക്കും ഈ 'തീച്ചുഴലി'യുടെ പെരുമാറ്റം. കൊടുംചൂടുള്ള അന്തരീക്ഷത്തിലാണ് ഇത് സംഭവിക്കുക. അതും വളരെ അപൂര്‍വമായി മാത്രം. ഇത്തവണ ജൂണിലുണ്ടായ കാട്ടുതീ പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായിരുന്നു. 64 പേരാണ് അന്ന് വെന്തുമരിച്ചത്. ഇരുവശത്തും കാടുള്ള ഒരു റോഡില്‍ പെട്ടു പോയ വാഹനങ്ങളിലെ ജനങ്ങളാണ് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ മരിച്ചവരിലേറെയും. തുടരെത്തുടരെ പലയിടത്തും കാട്ടു തീ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഓഗസ്റ്റില്‍ മാത്രം 268 ഇടങ്ങളില്‍ തീപ്പിടിത്തമുണ്ടായതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്.
90 ശതമാനം കാട്ടുതീയും മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു. അത് ഒന്നുകില്‍ മനഃപൂര്‍വമോ അല്ലെങ്കില്‍ അറിയാതെയോ ആണു താനും. യൂറോപ്യന്‍ യൂണിയനു കീഴിലുള്ള രാജ്യങ്ങളില്‍ ഇതുവരെ കത്തിനശിച്ച വനങ്ങളില്‍ മൂന്നിലൊന്നും പോര്‍ച്ചുഗലിലാണ്. ഒരുപക്ഷേ അതിലും ഏറെ! ഒക്ടോബറില്‍ മാത്രം ആറിടത്തായി 11 കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ പലതും ഇപ്പോഴും സജീവവുമാണ്. സൈന്യവും പ്രദേശവാസികളും ഉള്‍പ്പെടെയാണ് ഇതിനെതിരെ പോരാടാന്‍ അഗ്‌നിശമനസേനയ്‌ക്കൊപ്പം നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha