എന്നും, എവിടേയും ഭൂമധ്യരേഖയിലേക്ക് ചെരിഞ്ഞു വളരുന്ന പൈന്‍ മരങ്ങള്‍
പസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വടക്കായി ഭൂമധ്യരേഖയ്ക്ക് ഇരുവശവുമായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് മെലെനേഷ്യന്‍ ദ്വീപുകള്‍. പപുവാ ന്യൂഗിനി, ഫിജി തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍ പെടുന്നു. ഇവിടുത്തെ പൈന്‍മരങ്ങളിലാണ് അസാധാരണമായ ഒരു പ്രതിഭാസം കണ്ടു വരുന്നത്. പൊതുവെ എല്ലായിടത്തും നീണ്ടുനിവര്‍ന്ന് വളരുന്ന പൈന്‍മരങ്ങള്‍ ഇവിടെ ആ പതിവു തെറ്റിക്കുന്നതായാണ് കണ്ടുവരുന്നത്. തെക്കോട്ടും വടക്കോട്ടും ചരിഞ്ഞാണ് ഇവിടെ ഇവയുടെ വളര്‍ച്ച.
കൃത്യമായി പറഞ്ഞാല്‍ ഭൂമധ്യരേഖയ്ക്ക് വടക്കു വശത്തുള്ള ദ്വീപുകളിലെ പൈന്‍ മരങ്ങള്‍ തെക്കോട്ടും രേഖയ്ക്കു തെക്കുള്ള ദ്വീപുകളിലെ പൈന്‍ മരങ്ങള്‍ വടക്കോട്ടുമാണ് വളഞ്ഞു നില്‍ക്കുന്നത്. അതായത് ഇരു വശങ്ങളിലേയും പൈന്‍ മരങ്ങളുടെ വളവ് ഭൂമധ്യരേഖയ്ക്ക് അഭിമുഖമായാണെന്നു ചുരുക്കം. ഇതുവരെ ഈ പൈന്‍ മരങ്ങളുടെ ചെരിവ് ഏതു വശത്തേക്കാണെന്നത് ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകനായ മാറ്റ് റിറ്ററാണ് തന്റെ പഠനത്തിന്റെ ഭാഗമായി ഈ പൈന്‍ മരങ്ങളുടെ ചെരിവിന്റെ രഹസ്യം ഇപ്പോള്‍ വെളിച്ചത്തു കൊണ്ടുവന്നത്.
കുക്ക് പൈന്‍ എന്ന ഗണത്തില്‍ പെട്ട പൈന്‍ മരങ്ങളില്‍ മാത്രമാണ് ഈ പ്രത്യേകത കാണാനാകുക. മാലനേഷ്യന്‍ ദ്വീപുകളിലാണ് ഈ പ്രത്യേകത ആദ്യം ശ്രദ്ധയില്‍ പെട്ടതെങ്കിലും ഭൂമധ്യരേഖയോടു ചേര്‍ന്നു കിടക്കുന്ന അഞ്ച് ഭൂഖണ്ഡങ്ങളിലെ എല്ലാ കുക്ക് പൈന്‍ മരങ്ങള്‍ക്കും ചരിവുകളുണ്ടെന്നും വൈകാതെ ബോധ്യമായി. മാത്രമല്ല ഭൂമധ്യരേഖയില്‍ നിന്നകലുന്തോറും കുക്ക് പൈന്‍ മരങ്ങളുടെ ഈ ചരിവും വര്‍ധിക്കും. 10 മുതല്‍ 35 ഡിഗ്രി വരെ ഭൂമധ്യരേഖയില്‍ നിന്ന് അകലത്തിലുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ 40 ഡിഗ്രി വരെ ചെരിവുള്ള പൈന്‍ മരങ്ങളെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.എന്തുകൊണ്ടാണ് കുക്ക് പൈന്‍ മരങ്ങള്‍ ഇങ്ങനെ ചരിഞ്ഞു വളരുന്നുവെന്നതിന് ഏകദേശ ഉത്തരം മാത്രമെ ഗവേഷകര്‍ക്ക് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ.
സൂര്യപ്രകാശത്തിലേക്കു ചരിഞ്ഞു വളരാന്‍ മറ്റു മരങ്ങളെ പ്രേരിപ്പിക്കുന്ന ഫോട്ടോട്രോപിസം തന്നെയാണ് പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം മറ്റു മരങ്ങളില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഇതിനു പ്രതിരോധം തീര്‍ക്കും. കുക്ക് പൈനുകളില്‍ ഇത് സംഭവിക്കാത്തതാകാം ചരിവിനു കാരണമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha