മാതാപിതാക്കളുടെ പക്കല്‍ പണമില്ലാത്തതിനാല്‍ മക്കള്‍ ഇന്ത്യയ്ക്കായി ബൂട്ടണിയുമ്പോള്‍ കളി നേരില്‍ കാണാന്‍ കഴിയില്ലെന്നുള്ള വിഷമം തീര്‍ത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി; മുന്‍ ഫുട്‌ബോളര്‍ കൂടിയായ മുഖ്യമന്ത്രി പണവും വിമാന ടിക്കറ്റും അനുവദിച്ചു
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടണിയുന്ന മക്കളുടെ കളി സ്‌റ്റേഡിയത്തില്‍ വന്ന് നേരില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടീമിലെ എട്ട് മണിപ്പൂരി താരങ്ങളുടെ മാതാപിതാക്കള്‍. ഡല്‍ഹിയില്‍ വരാനും താമസിക്കാനുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം മക്കളുടെ കളി കാണാന്‍ വരുന്നില്ലെന്ന് തീരുമാനിച്ച രക്ഷിതാക്കളെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഇവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുകയായിരുന്നു.
മുന്‍ ഫുട്‌ബോളര്‍ കൂടിയായ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് താരങ്ങള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കളിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. മക്കള്‍ക്ക് ആവേശം പകരാന്‍ സ്‌റ്റേഡിയത്തില്‍ നേരിട്ട് എത്തണമെന്നുള്ള രക്ഷിതാക്കളുടെ ആഗ്രഹം സാധിക്കുന്നതിന് മുഖ്യമന്ത്രി തുണയായി. ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതവും വിമാന ടിക്കറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ അമര്‍ജിത് സിങ് കിയാം, ഗോള്‍ കീപ്പര്‍ ധീരജ് സിങ്, ഡിഫന്‍ഡര്‍ ബോറിസ് സിങ്, മിഡ്ഫീല്‍ഡര്‍മാരായ ജീക്‌സണ്‍ സിങ്, മുഹമ്മദ് ഷാജഹാന്‍, നൊങ്ദാംബ നവോറം, സുരേഷ് സിങ് വാങ്ജാം, നിങ്‌തോയിങാന്‍ബ എന്നീ താരങ്ങളുടെ മാതാപിതാക്കള്‍ക്കാണ് മുഖ്യമന്ത്രയുടെ പ്രത്യേക സഹായം ലഭിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം മക്കളുടെ കളി കാണാന്‍ കഴിയാത്ത നിസ്സഹായവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊതു ജനങ്ങളില്‍ പലരും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha