വലിയ സ്യൂട്ട്‌കേസില്‍ ഒളിച്ചിരുന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മോഷ്ടിച്ചിരുന്ന വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു; ഫ്രാന്‍സിലാണ് സംഭവം. റുമേനിയക്കാരനാണ് പിടിയിലായത്.
വിമാനയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോവുന്നത് പതിവായിരുന്നു. മോഷ്ടാവിനെ കണ്ടുപിടിക്കാന്‍ പാരീസ് പൊലീസ് പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. ബാഗുകള്‍ക്ക് കേടുപാടുകളുണ്ടാവാത്തതും ചുരുങ്ങിയ സമയത്തിനുള്ളില്‍ മോഷണം നടക്കുന്നതും പൊലീസിനെ അമ്പരപ്പിച്ചു.
വിമാനത്താവളത്തിലെത്തിയ ഒരു ഡ്രൈവറാണ് മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചത്. ബാഗേജുകള്‍ എടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. തന്റെ മുന്നിലുള്ള ബ്രൗണ്‍ നിറത്തിലെ വലിയ സ്യൂട്ട്‌കേസ് കണ്ടപ്പോള്‍ത്തന്നെ എന്തോ പന്തികേടു മണത്തു. അല്പസമയം ശ്രദ്ധിച്ചപ്പോള്‍ അത് സ്വയം ചലിക്കുന്നതായും വ്യക്തമായി. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ആളുള്ള കാര്യം വ്യക്തമായത്. അടിച്ചുമാറ്റിയ ചില സാധനങ്ങളും ഉള്ളില്‍ കണ്ടെത്തി.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് മോഷ്ടാവ് പെട്ടിയില്‍ കയറുന്നത്. ഇതിന് വിമാനത്താവളത്തിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് ബാഗേജ് മാറ്റാനെത്തുന്നയാള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ മോഷ്ടാവ് പ്രത്യേകം ശ്രദ്ധിക്കും. മോഷ്ടാവ് ഉള്ളിലുള്ളതറിയാതെ ബാഗേജ് മാറ്റാനെത്തുന്നയാള്‍ തന്നെ പെട്ടിചുമന്ന് വാഹനത്തിനുള്ളില്‍ വയ്ക്കും. ഉള്ളിലെത്തിയാലുടന്‍ ഓപ്പറേഷന്‍ തുടങ്ങും.
പെട്ടിയില്‍ നിന്ന് പുറത്തുകടന്ന് മറ്റു ബാഗേജുകള്‍ തുറന്ന് വിലപിടിപ്പുള്ളവ അടിച്ചുമാറ്റി വീണ്ടും സ്യൂട്ട് കേസില്‍ കയറും. അകത്തുനിന്ന് തുറക്കാനും അടയ്ക്കാനും സംവിധാനമുള്ളതാണ് സ്യൂട്ട്‌കേസ്. കൂടാതെ വായു കയറാനുള്ള സംവിധാനവും പുറത്തെ കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. വാഹനം നിറുത്തി ഡ്രൈവര്‍ ബാഗേജുകള്‍ മാറ്റുന്നതിനിടെ തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്യും. പിടിയിലായ യുവാവ് നേരത്തേയും മോഷണ കേസുകളില്‍ അകത്തായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha