തായ്‌ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാരത്തിന് ചെലവ് 585 കോടി രൂപ;സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നു,അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ശവസംസ്‌കാര ചടങ്ങുകള്‍ ഒക്ടോബര്‍ 26-ന് ആരംഭിക്കും
അത്യാഢംബരങ്ങളോടെ വിവാഹങ്ങളും പിറന്നാള്‍ ആഘോഷങ്ങളും നടത്തുക പുതുമയുള്ള കാര്യമൊന്നുമല്ല. കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ വധുവും ആഢംബര കാറുകളും ലക്ഷങ്ങള്‍ ചിലവിട്ടു നടത്തുന്ന വിരുന്നുകളുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ തായ്‌ലന്‍ഡില്‍ നടക്കാന്‍ പോകുന്ന ഒരു ശവസംസ്‌കാര ചടങ്ങാണ് ഇപ്പോള്‍ ലോക ശ്രദ്ധാ കേന്ദ്രം. 585 കോടി രൂപയാണ് തായ്‌ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവാക്കുന്നത്.
കഴിഞ്ഞ വര്‍ഷം അന്തരിച്ച തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരമാണ് തായ്‌ലന്‍ഡില്‍ ഇതുവരെ കാണാത്ത ആഢംബരത്തോടെ കൊണ്ടാടുന്നത്. ഇത്രയും പണം ചിലവിട്ട് അന്തരിച്ച രാജാവിന്റെ സംസ്‌കാരം ഗംഭീരമാക്കുന്നത് തായ്‌ലന്‍ഡിലെ പട്ടാള ഭരണകൂടമാണ്.
ഒക്ടോബര്‍ 26-ന് ബാങ്കോക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ശവസംസ്‌കാര ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിലാപയാത്രയുടെയും സംസ്‌കാര ചടങ്ങുകളുടെയും റിഹേഴ്‌സല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരികയാണ്.
വിലാപയാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ സ്വര്‍ണ രഥമാണ്. വജ്രം, മുത്ത് തുടങ്ങിയവയെല്ലാം പതിപ്പിച്ചതാണ് രഥം. 2.5 ലക്ഷം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച പട്ടാളക്കാര്‍ ബാന്‍ഡ് വാദ്യങ്ങളോടെ ശവഘോഷയാത്രയില്‍ അണിനിരക്കും. വിലാപയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രമായിരിക്കും ധരിക്കുക. രാജാവിന്റെ സ്വര്‍ണ ചട്ടയുള്ള ചിത്രങ്ങളുമായാണ് അവര്‍ യാത്രയില്‍ അണിനിരക്കുക.
സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം വേണ്ടിവന്നു. രാജകൊട്ടാരമായ ഗ്രാന്‍ഡ് പാലസിനു മുന്നില്‍ തായ്‌ലന്‍ഡ് ശൈലിയിലുള്ള മണ്ഡപങ്ങളാണ് ശവകുടീരമായി ഒരുക്കുന്നത്. പത്തുമാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണ്ഡപങ്ങളുടെ മകുടത്തില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് മേസ്തിരിമാരും തൊഴിലാളികളും ജോലിചെയ്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരവധി ദേവീദേവന്‍മാരുടെ രൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാണ് മണ്ഡപങ്ങള്‍.
തായ്‌ലന്‍ഡ് രാജാവായ ഭൂമിബോല്‍ രാജാവ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13-ന് ആണ് അന്തരിച്ചത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. എഴുപത് വര്‍ഷം അദ്ദേഹം തായ്‌ലന്‍ഡിലെ രാജാവായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ദൈവസമാനമായ സ്ഥാനമായിരുന്നു രാജാവിനുണ്ടായിരുന്നത്. ഇപ്പോള്‍ രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇതുവരെ 1.2 കോടി പേര്‍ അന്തിമോപചാരം അര്‍പിച്ചതായാണ് കണക്ക്. ഇതിനായി സൗകര്യങ്ങളും കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു.
ഭൂമിബോലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മഹാവാജിര ലോംകോണ്‍ അധികാരമേറ്റെടുത്തെങ്കിലും രാജാവിന്റെ ശവസംസ്‌കാരത്തിനു ശേഷം മാത്രമേ കിരീടധാരണം നടക്കൂ.
https://www.facebook.com/Malayalivartha