ഐന്‍സ്റ്റീന്റെ 'സന്തോഷ സിദ്ധാന്തം' ലേലം ചെയ്തപ്പോള്‍ കിട്ടിയത് 10.17 കോടി രൂപ
വിഖ്യാത ഊര്‍ജതന്ത്രശാസ്ത്രജ്ഞന്‍ ആല്ബര്ട്ട് ഐന്സ്റ്റീന്‍ എഴുതിയ 'സന്തോഷ സിദ്ധാന്തം' 1.5മില്യണ്‍ ഡോളറിനു (10.17 കോടി രൂപ) ലേലത്തില്‍ വിറ്റു. ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന വാക്കുകള്‍ എന്ന വിശേഷണത്തോടെ ജര്‍മന്‍ ഭാഷയില്‍ എഴുതിയതാണ് കുറിപ്പ്.
1922-ല്‍ ജപ്പാനിലെ ടോക്കിയോയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ച് എഴുതിയതാണ് ഈ കുറിപ്പ്. ഹോട്ടല്‍ മുറിയില്‍ സന്ദേശവുമായി എത്തിയ ആള്‍ക്ക് ടിപ്പ് നല്‍കുന്നതിന് പാകത്തില്‍ പണം കൈവശമില്ലാതിരുന്നതിനാല്‍ പകരമായി കുറിപ്പ് കൈമാറുകയായിരുന്നു. അപ്പോള്‍ തന്നെ ആഗോളപ്രശസ്തി നേടിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നുള്ള ഒരു കുറിപ്പിന് എത്ര പ്രാധാന്യം ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. താങ്കള്‍ ഭാഗ്യവാനാണെങ്കില്‍, ഈ കുറിപ്പ് വിലയുള്ളതാകുമെന്നും അദ്ദേഹത്തോട് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നു. വിശ്രമമില്ലാതെ വിജയത്തിനു പിന്നാലെ നിരന്തരം പായുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ശാന്തവും ഒതുക്കമുള്ളതുമായ ഒരു ജീവിതത്തിന് ലഭിക്കുന്നു എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.( എ കാം ആന്റ് മോഡസ്റ്റ് ലൈഫ് ബ്രിംഗ്‌സ് മോര്‍ ഹാപ്പിനെസ്സ് താന്‍ ദ പെര്‍സൂട്ട് ഓഫ് സക്‌സസ്സ് കംബൈന്‍ഡ് വിത്ത് കോണ്‍സ്റ്റന്റ് റെസ്ലെസ്‌നെസ്സ്).
'ആഗ്രഹമെവിടെയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്' എന്നെഴുതിയ ഐന്‍സ്റ്റീന്റെ മറ്റൊരു കുറിപ്പും ഇതോടൊപ്പം ലേലത്തില്‍ വിറ്റു. 1.56 കോടി രൂപയ്ക്കാണ് രണ്ടാമത്തെ ലേലം ചെയ്തത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് കുറിപ്പുകള്‍ക്ക് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha