ഗര്‍ഭസ്ഥ ശിശുവിനെ കാത്തിരുന്ന് മടുത്ത അമ്മ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് അയച്ചു1
നിന്നെക്കൊണ്ട് വലിയ ശല്യമാണല്ലോ; നിനക്ക് വേണ്ടി കാത്തിരുന്ന് അമ്മ മടുത്തു. എത്രയും വേഗം ഇറങ്ങിവരുന്നുണ്ടോ ഇല്ലയോ, എനിക്കിപ്പോ അറിയണം'. ഗര്‍ഭസ്ഥ ശിശുവിന് ഒരമ്മ എഴുതിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിലെ വാചകങ്ങളാണിത്!
അമേരിക്കക്കാരിയായ കെയ്‌ലീ ബേ ആണ് പ്രസവവേദന സഹിക്കവയ്യാതെ കുഞ്ഞിന് കുടിയൊഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയത്. അതും കോടതി ജഡ്ജിയുടെ സീലും ഒപ്പുമുള്ള ഉത്തരവ്! കെയ്‌ലീയുടെ മൂന്നാമത്തെ കുഞ്ഞാണ് ഗര്‍ഭത്തിലുണ്ടായിരുന്നത്. പ്രസവവേദന അസഹനീയമായതോടെ കെയ്‌ലി ആകെ പ്രയാസത്തിലായി. അപ്പോള്‍ തോന്നിയ രസകരമായ ആശയമായിരുന്നു സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലിന്‍ ഡേവിസിനോട് പറഞ്ഞ് കുടിയൊഴിപ്പിക്കലിന് ഉത്തരവ് നല്‍കുക എന്നത്. മമ്മി ബെല്ലി ലെയ്ന്‍, ഗര്‍ഭപാത്രം എന്ന മേല്വിലാസത്തിലാണ് ഉത്തരവ് തയ്യാറാക്കിയത്.
എന്തായാലും സംഗതി ഏറ്റു. കുടിയൊഴിപ്പിക്കല്‍ ഭീഷണി ഏറ്റതുകൊണ്ടാണോ അതോ അമ്മയുടെ ആരോഗ്യസ്ഥിതിയോര്‍ത്തോണോ എന്നറിയില്ല മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന ആവശ്യം 12 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിക്കൊടുത്തു.
അമേരിക്കന് ഫോര്‍ക് ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ഇരുവരുടെയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 31 വര്‍ഷത്തെ സേവന ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു കുടിയൊഴിപ്പിക്കല്‍ ഉത്തരവുമായി ഒരമ്മ പ്രസവത്തിനെത്തുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha