ദുബൈയിലെ മെഗാ തിരുവാതിരയില്‍ നൃത്തകലയുടെ സൗന്ദര്യത്തില്‍ അണിനിരന്നത് 1246 പേര്‍
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്ത മെഗാ തിരുവാതിര ദുബൈയില്‍ അരങ്ങേറി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1246 സുന്ദരികളാണ് ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടിലെ തിരുവാതിരയില്‍ പങ്കെടുത്തത്.
സെറ്റ് സാരിയും ഓറഞ്ച് നിറത്തിലുള്ള ബ്ലൗസുമണിഞ്ഞ്, ആടയാഭരണങ്ങള്‍ ധരിച്ച സുന്ദരികള്‍ 22 മിനിറ്റോളം നീണ്ടുനിന്ന തിരുവാതിരയില്‍ ആടിത്തകര്‍ത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതകള്‍ സംഘത്തില്‍ അണിചേര്‍ന്നു.
ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ ഒന്നര മാസത്തോളം നടത്തിയ കഠിന പരീശീലനത്തിന് ശുഭപര്യവസാനമായിരുന്നു ദുബൈയില്‍ അരങ്ങേറിയത്. തിരുവാതിരയുടെ എല്ലാ സൗന്ദര്യവും മെഗാ തിരുവാതിരയിലും പ്രകടമായെന്ന് സംഘാടകരിലൊരാളായ പ്രിയാ കൃഷ്ണന്‍ പറഞ്ഞു.
അഞ്ച് കൃത്രിമ ഗജവീരന്മാര്‍ അണിനിരന്ന പഞ്ചവാദ്യ മേളവും കുടമാറ്റവും കൂടിയായപ്പോള്‍ തൃശൂര്‍ പൂരത്തിന്റെ പ്രതീതിയുണര്‍ന്നു. കൊമ്പ് പറ്റ്, കുഴല്‍പറ്റ്, പഞ്ചവാദ്യം എന്നിവയ്ക്ക് തിമില കലാകാരന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍, മദ്ദള വിദഗ്ധന്‍ കുനിശ്ശേരി ചന്ദ്രന്‍, വൈക്കം ചന്ദ്രശേഖരന്‍ മാരാര്‍, പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴക്കൂട്ട് അനിയന്‍ മാരാരും നൂറോളം കലാകാരന്മാരും അണിനിരന്ന പാണ്ടിമേളവും ഉണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന സ്റ്റാളുകളായിരുന്നു മറ്റൊരു പ്രത്യേകത.
ക്രിസ്റ്റല്‍ ടോപ് ഇവന്റ്‌സ്, കനോപി സെക്യുരിറ്റി സര്‍വീസസ് എന്നിവരായിരുന്നു സംഘാടകര്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന നൃത്ത രൂപം എന്ന നിലയില്‍ മെഗാ തിരുവാതിര ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
സംഘാടകരായ ഗോപിനാഥ് മേനോന്‍, ഗോപകുമാര്‍, മഹേഷ് ചിറ്റിലഞ്ചേരി, ചന്ദ്രബോസ്, അജിത്ത്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha