'ഭഗവാനെ' കാണണമെന്ന ആദിവാസികളുടെ ആഗ്രഹം സഫലമാക്കാന്‍ വനംവകുപ്പ്!
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശിന് മുന്‍പില്‍ നിവേദനവുമായെത്തിയ അട്ടപ്പാടി സാമ്പാര്‍കോട്, മേലെ സാമ്പാര്‍കോട്, ബോഡിചാള ഊരുവാസികള്‍ക്ക് ഒരാവശ്യമേയുണ്ടായിരുന്നുള്ളു 'ഭഗവാനെ പാക്കാക്ക് പോകണം' (ഭഗവാനെ കാണാന്‍ പോകണം). ഒരു നിമിഷമൊന്ന് അമ്പരന്നെങ്കിലും ഡി.എഫ്.ഒ.യ്ക്ക് കാര്യം മനസ്സിലായി. അധികം വൈകാതെ അതിനുള്ള അവസരം നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ഇവരെ ഡി.എഫ്.ഒ. മടക്കിയത്.
അട്ടപ്പാടിയില്‍നിന്ന് മേയ് 30-ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടി നാടുകടത്തിയ കൊമ്പനാനയെ കാണാനുള്ള അവസരം ചോദിച്ചാണ് ആദിവാസികള്‍ ഡി.എഫ്.ഒ.യെ സമീപിച്ചത്. മൃഗങ്ങളുമായി വൈകാരികബന്ധം പുലര്‍ത്തുന്നവരാണ് ആദിവാസി സമൂഹം.
ആനകളെ ദൈവതുല്യമായി കാണുന്ന ഇവര്‍ ഭഗവാന്‍, സ്വാമി എന്നിങ്ങനെയാണ് ആനയെ വിളിയ്ക്കുന്നത്. ആന കൃഷിനാശം വരുത്തിയാല്‍ അതും ഐശ്വര്യമായാണ് ഇവര്‍ കരുതുന്നത്. ഭഗവാന്‍ തങ്ങളുടെ കൃഷിയിടത്തില്‍നിന്നുള്ള ഫലം തിന്നിട്ടുപോയാല്‍ അടുത്തവര്‍ഷം ഇരട്ടിഫലം കിട്ടുമെന്നും ഇവര്‍ വിശ്വസിക്കുന്നു. പിടികൂടി നാടുകടത്തിയ കൊമ്പനാനയുമായി ഇത്തരത്തിലുള്ള അടുപ്പം ഈ ഊരുവാസികള്‍ക്കുണ്ടായിരുന്നു. ആനയെ പിടികൂടി നാടുകടത്തിയപ്പോള്‍ ഇവരില്‍ പലരും കരഞ്ഞതും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. ഊരുവാസികള്‍ക്ക,് പിടികൂടി നാടുകടത്തിയ ആനയുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കിയ ഡി.എഫ്.ഒ. ആനയെ കാണാനുള്ള അവസരവും ശരിയാക്കി. നിലവില്‍ എറണാകുളം ജില്ലയിലെ കോടനാട്, അഭയാരണ്യത്തിലാണ് ആനയെ പാര്‍പ്പിച്ചിട്ടുള്ളത്.
കോടനാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെട്ടാണ് ആനയെ കാണാനുള്ള അവസരം ഊരുവാസികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. നവംബര്‍ ഏഴിനാണ് ഊരുവാസികള്‍ കോടനാട്ടേക്ക് പോകുന്നത്. വനസംരക്ഷണസമിതി മണ്ണാര്‍ക്കാട് ഡിവിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. മോഹനകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവരുടെ യാത്രചെലവുകള്‍ വനംവകുപ്പാണ് വഹിക്കുന്നത്. യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേരും വ്യത്യസ്തമാണ്. ഭഗവാനെ പാക്കാക്ക് പോകപോക്ക് (ഭഗവാനെ കാണാനുള്ള യാത്ര)...
https://www.facebook.com/Malayalivartha