ഒരു വിരലില്‍ മൂന്നു മോതിരം; ഒടുവില്‍ വയോധികന് അഗ്‌നിശമന സേനയുടെ 'ശസ്ത്രക്രിയ'
മുന്നു മോതിരം ഒരേ വിരലില്‍ കുടുങ്ങി പഴുത്ത നിലയിലായ വയോധികന് അഗ്‌നിശമന സേനയുടെ അടിയന്തര 'ശസ്ത്രക്രിയ'. ചിയ്യാരം സ്വദേശി ജോര്‍ജിന്റെ (55) വിരലില്‍ കുടുങ്ങിയ മോതിരങ്ങളാണ് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റിയത്. ചൈനീസ് മോതിരം വിരലില്‍ കുടുങ്ങി നീരുവച്ചു പഴുത്ത നിലയിലെത്തിയ ജോര്‍ജിന്റെ വിരല്‍ പരിശോധിച്ച സേനാ ഉദ്യോഗസ്ഥര്‍ ഉടന്‍ത്തന്നെ ഇയാളുമായി ജില്ലാ ജനറല്‍ ആശുപത്രിയിലെത്തുകയായിരുന്നു.
ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് മോതിരം അറുത്തുമാറ്റിയത്.വിരലിലെ പഴുപ്പ് നീക്കിയശേഷം പൂട്ടുകള്‍ അറുത്തുമാറ്റുന്ന കട്ടര്‍ ഉപയോഗിച്ചാണ് മോതിരം അറുത്തുമാറ്റിയത്. ഒന്നു പിഴച്ചാല്‍ വിരലുതന്നെ അറ്റുപോകുന്ന സ്ഥിതിയായിരുന്നു.
സ്‌റ്റേഷന്‍ ഓഫിസര്‍ എ.എല്‍.ലാസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ആര്‍.ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ജോണ്‍ ബ്രിട്ടോ, ചന്ദ്രന്‍ എന്നിവരാണു മോതിരം അപകടം കൂടാതെ അറുത്തുമാറ്റിയത്.
മോതിരം കുടുങ്ങിയ ഭാഗത്തു മുറിവോ അധികം നീരോ ഇല്ലെങ്കില്‍ മാത്രമെ നൂല്‍ കയറ്റി എടുക്കുന്ന രീതി ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് എ.എല്‍.ലാസര്‍ പറഞ്ഞു. മുറിച്ചുമാറ്റുന്ന വേളയില്‍ അംഗഭംഗം വരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.
സ്ഥിരമായി മോതിരം ഉപയോഗിക്കുന്നവരാണെങ്കില്‍ ദിവസവും കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. വലുപ്പം കുറഞ്ഞ മോതിരം വിരലില്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കരുത്. മോതിരം ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടെങ്കില്‍ ഉടന്‍ ഊരിമാറ്റുക. ഇല്ലെങ്കില്‍ ചൊറിഞ്ഞു തടിച്ചു വിരലില്‍ നീരുണ്ടാവാന്‍ സാധ്യതയുണ്ട്. ദിവസത്തില്‍ ഒരു തവണയെങ്കിലും മോതിരം ഊരി ഇടുക.
https://www.facebook.com/Malayalivartha