ഇനി ഓക്സ്ഫോര്‍ഡിലും കാണാം ഈ ഇന്ത്യന്‍ വിഭവങ്ങള്‍; നിഘണ്ടുവിലാണേ...!
ഭക്ഷ്യവിഭവങ്ങള്‍ക്ക് ലോകമെമ്പാടും സ്വീകാര്യത കൂടിക്കൂടി വരികയാണ്. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ചു തന്നെ വിവിധതരം ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഇന്ത്യന്‍ ഭക്ഷണത്തെ ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഒപ്പം ഇന്ത്യക്ക് മാത്രം അവകാശപ്പെടാനാകുന്ന മനം മയക്കുന്ന മണവും രുചിയും!
ഇന്ത്യന്‍ ഭക്ഷണത്തിന് വലിയ ഒരംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒക്‌സ് ഫോര്‍ഡ്‌നിഘണ്ടുവിന്റെ പുതിയ പതിപ്പില്‍ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ആറ് വിഭവങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മസാല, നെയ്യ്, പപ്പടം, പൂരി, കീമാ, ഭേല്‍പൂരി എന്നീ വിഭവങ്ങളാണ് ഓകസ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യന്‍വിഭവങ്ങള്‍.
വൈവിധ്യമായ മസാലകളാണ് ഇന്ത്യന്‍ ഭക്ഷണത്തെ ഇത്രയും വ്യത്യസ്തമാക്കുന്നതും രുചികരമാക്കുന്നതും. ഉര്‍ദ്ദു ഭാഷയില്‍ നിന്നാണ് മസാല എന്ന വാക്കിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തെയാണ് മസാല എന്ന വാക്കിന് അര്ത്ഥമായി ഒക്‌ഫോര്‍ഡ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ വിഭവങ്ങളില്‍, പ്രത്യേകിച്ച് പലഹാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് നെയ്യ്. പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നെയ്യ്. പശുവിന്റെയോ എരുമയുടെയോ പാലില്‍ നിന്നും എടുക്കുന്ന വെണ്ണയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒന്നാണ് നെയ്യ് എന്നാണ് നെയ്യ് എന്ന വാക്കിന് അര്‍ത്ഥമായി ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്.
എന്തൊക്കെ കറിയുണ്ടെങ്കിലും ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചേനെ എന്നു പറയുന്നവരാണ് മലയാളികള്‍. സദ്യയില്‍ പ്രധാനിയായി ഇരിക്കുന്നതു മുതല്‍ കറിയൊന്നുമില്ലെങ്കില്‍ ചമ്മന്തിക്കൊപ്പെത്തുന്ന പ്രധാനവിഭവമായി വരെ പപ്പടം നമ്മുടെ പ്രിയപ്പെട്ട വിഭവമാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും പല തരത്തലുള്ള പപ്പടങ്ങളാണ് ലഭിക്കുക. ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഉഴുന്നുപരിപ്പു കൊണ്ടുള്ള മാവ് വട്ടാകൃതിയില്‍ നേര്‍പ്പിച്ച് പരത്തി ഉണ്ടാക്കുന്ന വിഭവമാണ് പപ്പടം.
ഇന്ത്യയില്‍ എവിടെച്ചെന്നാലും എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാന്‍ ഇഷ്ടമുള്ള ഒരു വിഭവമാണ് പൂരി. സംസ്‌കൃതം വാക്കായ പൂരിക എന്ന വാക്കില്‍ നിന്നാണ് പൂരി എന്ന വാക്കിന്റെ ഉത്ഭവം. ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ മാവ് കുഴച്ചെടുത്ത് നേര്‍പ്പിച്ച് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് എണ്ണയില്‍ മുക്കി പൊരിച്ചെടുത്ത് പച്ചക്കറികള്‍ കൊണ്ടുള്ള കറിയ്‌ക്കൊപ്പം കഴിക്കുന്ന വിഭവമാണ് പൂരി.
ഇറച്ചി തീരെ പൊടിയായി അരിഞ്ഞെടുക്കുന്നതിനെയാണ് കീമാ എന്നു പറയുന്നത്. പൊടിയായി അരിഞ്ഞെടുക്കുന്നത് എന്നര്‍ത്ഥം വരുന്ന കീമാ എന്ന ടര്‍ക്കിഷ് വാക്കില്‍ നിന്നാണ് കീമാ എന്ന വാക്കിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ഓക്‌സ്ഫോര്‍ഡ് നിഘണ്ടുവില്‍ കബാബിന്റെയും സമോസയുടെയും നാനിന്റെയുമൊക്കെ ഉള്ളില്‍ നിറക്കാനുള്ള വിഭവങ്ങളിലാണ് പ്രധാനമായും കീമാ ഉപയോഗിക്കുന്നത്.
വടക്കേഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു തെരുവുഭക്ഷണമാണ് ഭേല്‍പൂരി. ഇപ്പോള്‍ പാനീപൂരിയും ഭേല്‍പൂരിയുമൊക്കെ മലയാളിക്കും സുപരിചിതമായിക്കഴിഞ്ഞു. ഓകസ്ഫോര്‍ഡ് നിഘണ്ടുവില്‍ വറുത്ത അരിയും ഉള്ളിയും മസാലപ്പൊടികളും ഒരു പ്രത്യേകതരം ചമ്മന്തിയോടൊപ്പം കിട്ടുന്ന വിഭവമാണ് ഭേല്‍പൂരി.
https://www.facebook.com/Malayalivartha