ഈജിപ്തിലെ ഗിസ പിരമിഡില്‍ നൂറടിയിലേറെ നീളമുള്ള വായുരഹിതസ്ഥലം കണ്ടെത്തി
ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമിഡിന്റെ നിഗൂഢത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഗിസ പിരമിഡില്‍ നൂറടിയിലേറെ നീളത്തിലുള്ള വായുരഹിതസ്ഥലം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്.സ്‌കാന്‍പിരമിഡ്‌സ് പ്രൊജക്ടിന്റെ ഭാഗമായുള്ള രാജ്യാന്തര ഗവേഷകരാണ് വായുരഹിത സ്ഥലം കണ്ടെത്തിയത്.
മൗഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയിരിക്കുന്നത്. വലിയ പാറകള്‍ക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. അതേസമയം, ഇവിടെയെന്താണുള്ളതെന്നും ഇങ്ങനെയൊരു നിര്‍മിതിയുടെ ഉദ്ദേശമെന്തെന്നും വ്യക്തമല്ല. ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തേ, പിരമിഡിന്റെ വടക്കന്‍ മുഖഭാഗത്തു ചെറിയ വായുരഹിത സ്ഥലം സ്‌കാന്‍പിരമിഡ്‌സ് കണ്ടെത്തിയിരുന്നു.
ബിസി 2509നും 2483നും ഇടയില്‍ ഖുഫു ഫറവോയുടെ ഭരണകാലത്താണു ഗിസായിലെ പിരമിഡ് നിര്‍മിച്ചത്. ഈജിപ്തിലെ പിരമിഡുകളില്‍ ഏറ്റവും വലിയതാണ് ഗിസ പിരമിഡ്.
പിരമിഡിന്റെ ഭാരം മൂലം അതിനു തൊട്ടു താഴെയുള്ള ഗ്രാന്റ് ഗാലറിയുടെ ഇടുങ്ങിയ മേല്‍ക്കൂരയ്ക്ക് ദോഷമൊന്നും ഉണ്ടാകാതിരിക്കാന്‍ പിരമിഡ് ഉണ്ടാക്കിയവര്‍ അന്ന് ബോധപൂര്‍വ്വം അത്തരമൊരു വായുരഹിത സ്ഥലം അവശേഷിപ്പിച്ചതാവാമെന്നാണ് സ്‌കാന്‍പിരമിഡ്‌സ് പ്രൊജക്ടിന്റെ കണ്ടെത്തലുകള്‍ പുനരവലോകനം ചെയ്യുന്ന സംഘാംഗങ്ങളിലൊരാളായ അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റായ മാര്‍ക്ക് ലെഹ്നര്‍ അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha