ജനവാസകേന്ദ്രത്തില്‍ കരടി ഇറങ്ങി; തൊഴിലാളികള്‍ പിടികൂടി!
ആക്രമിക്കാന്‍ പാഞ്ഞടുത്ത കരടികളിലൊന്നിനെ തൊഴിലുറപ്പ് തൊഴിലാളികള്‍ കാപ്പിക്കളത്തില്‍ കുടുക്കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് പരിധിയിലുള്ള ചെട്യാലത്തൂരിലാണ് ഒരു വയസ് മതിക്കുന്ന പെണ്‍കരടിയെ തൊഴിലാളികള്‍ നാലുവശവും അടച്ചുകെട്ടിയ കാപ്പിക്കളത്തില്‍ കുടുക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ജോലിക്കിടെ കരടികളെ കണ്ട് തൊഴിലാളികള്‍ ആദ്യം മരത്തിന്റെ മറവിലേക്ക് നീങ്ങി. പിന്നീട് വനത്തിലേക്ക് മടങ്ങിയ കരടികള്‍ തിരിച്ചുവന്നു. ഇതുകണ്ട് തൊഴിലാളികള്‍ ഓടി.
പിന്തുടര്‍ന്ന കരടികളില്‍ രണ്ടെണ്ണം തൊഴിലാളികളുടെ ബഹളംകേട്ട് വനത്തിലേക്കും സമീപത്തെ കാപ്പിതോട്ടത്തിലേക്കും മറഞ്ഞു.എന്നാല്‍ ഒരു കരടി, തൊഴിലാളിയായ ബൊമ്മനു പിറകെ കൂടി. അര കിലോമീറ്ററോളം ഓടിയ ബൊമ്മന്‍ പ്രദേശവാസിയായ അപ്പുവിന്റെ കാപ്പിക്കളത്തിലേക്ക് ചാടി.
ബൊമ്മനു പിന്നാലെ കരടിയും കളത്തില്ലെത്തി. ഈ സമയം പ്രദേശവാസികളില്‍ ഒരാള്‍ ചുറ്റുമതിലുള്ള കളത്തിന്റെ രണ്ടു ഗേറ്റുകളും അടച്ചു. ഇതിനിടെ ബൊമ്മന്‍ മതില്‍ ചാടി പുറത്തുകടന്നു.
കരടി കാപ്പിക്കളത്തില്‍ അകപ്പെട്ടതറിഞ്ഞ് മുത്തങ്ങയില്‍ നിന്നും റേഞ്ച് ഓഫീസര്‍ അജയഘോഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പാത്രത്തില്‍ വെള്ളം നല്‍കിയെങ്കിലും കരടി കുടിച്ചില്ല. തലങ്ങും വിലങ്ങും ഓടിയും നടന്നും തളര്‍ന്ന കരടി വൈകുന്നേരം നാലോടെ കളത്തിലെ ഷെഡില്‍ കയറി.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഡോ. അരുണ്‍ സക്കറിയ മയക്കുവെടി പ്രയോഗിച്ചു. വെടിയേറ്റ കരടി പുറത്തേക്കു കുതിക്കുന്നതിനിടെ വനപാലകര്‍ വിരിച്ച വലയില്‍ കുടുങ്ങി. കരടിയെ പിന്നീട് മുത്തങ്ങ റേഞ്ച് ഓഫീസ് പരിസരത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കരടിയുടെ വലതുകണ്ണിനു പരിക്കുണ്ട്. തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha