"ഇപ്പോള്‍ കിണറ്റിലിറങ്ങണോ? ഇറങ്ങാം" 90 വയസ്സുകാരിയായ മുത്തശ്ശി വൈറലാകുന്നു
ആഴമേറിയ കിണറ്റിലേക്കു നോക്കി നിഷ്‌കളങ്കമായ ഒരു ചിരിചിരിച്ച് 90 വയസ്സുകാരിയായ ശ്രീദേവിയമ്മ കിണറ്റിലിറങ്ങും. കിണറ്റില്‍ വീണുപോയ സാധനങ്ങളെന്തുമാകട്ടെ അതു വീണ്ടെടുത്തിട്ടേ ആ അമ്മ കരയ്ക്കു കയറൂ. പയന്നൂര്‍ കുഞ്ഞിമംഗലത്തെ ശ്രീദേവിയമ്മ എന്ന മുത്തശ്ശിക്ക് കിണറ്റിലിറക്കം ഒരു നിത്യ അഭ്യാസമാണ്.
കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ മുത്തശ്ശിയിറങ്ങിയപ്പോള്‍ കൊച്ചുമക്കള്‍ വെറുതെ ഒരു രസത്തിനുവേണ്ടി ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ബന്ധുക്കള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആ വിഡിയോ വാട്‌സാപ്പിലൂടെയും ഫെസ്ബുക്കിലൂടെയും വൈറലായത് വളരെപ്പെട്ടെന്നാണ്. താന്‍ പ്രശസ്തയായതറിയാതെ തന്നെ തേടിയെത്തുന്നവരോട് നല്ല കണ്ണൂര്‍ സ്ലാങ്ങില്‍ മുത്തശ്ശി കാര്യങ്ങള്‍ വിശദീകരിക്കും. കിണറ്റിലിറങ്ങുന്നത് അത്ര വല്യ സംഭവമൊന്നുമല്ലെന്ന ഭാവത്തിലാണ് സംസാരം.
എപ്പോഴുമെന്തെങ്കിലും പണിയെടുത്തോണ്ടിരിക്കണമെന്നും തേങ്ങയോ പാത്രങ്ങളോ എന്തിന് കിണറ്റിനുള്ളിലെ കാട് പറിക്കുവാന്‍ വരെ താന്‍ ഇടയ്ക്കിടെ കിണറ്റിലിറങ്ങാറുണ്ടെന്നാണ് മുത്തശ്ശി പറയുന്നത്. ആഴമുള്ള കിണറാണ്. കയറില്‍ത്തൂങ്ങി കിണറ്റിലിറങ്ങും. സുരക്ഷിതമായി പിടിച്ചു നിന്നിട്ട് കിണറ്റിലെ വെള്ളം അല്‍പ്പം അനക്കിക്കൊടുക്കും, അപ്പോള്‍ കിണറ്റില്‍പ്പോയ വസ്തു വെള്ളത്തിന്റെ അനക്കം കൊണ്ട് അടുത്തെത്തും. ആ തക്കത്തിന്
അതെടുത്ത് ബക്കറ്റിലിട്ട്, കയര്‍ വലിക്കാന്‍ മുകളില്‍ നില്‍ക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുത്തശ്ശി ഒരു എക്‌സ്‌പേര്‍ട്ടിനെ പോലെ വിശദീകരിക്കുന്നു.
പുഴയിലിറങ്ങി നീന്താനും കിണറ്റിലിറങ്ങിക്കാണിക്കാനും മുത്തശ്ശിക്ക് ഉത്സാഹമാണ്. സമൂഹമാധ്യമങ്ങളെക്കുറിച്ചൊന്നും അറിയാത്ത മുത്തശ്ശിയുടെ ഏറ്റവും നിഷ്‌കളങ്കമായ സംശയമിതാണ് എന്നാലും കണ്ണൂരിലെ കിണറ്റിലിറങ്ങിയ എന്നെ എങ്ങനെയാണ് ഇത്രയും ആളുകള്‍ കണ്ടത്?
https://www.facebook.com/Malayalivartha