ചുമരിലെ വിള്ളലില്‍ തല കുരുങ്ങി പ്രാണവേദന കൊണ്ട് പിടഞ്ഞ തത്തയ്ക്ക് പുതു ജീവന്‍ നല്‍കിയ ഫയര്‍ ഫോഴ്‌സിന്റെ സാഹസിക ശ്രമത്തിന് കയ്യടി
ബഹുനില കെട്ടിടത്തിന്റെ ചുമരിലെ വിള്ളലില്‍ തല കുരുങ്ങി പ്രാണ വേദന കൊണ്ട് പിടഞ്ഞ തത്തയ്ക്ക് ഫയര്‍ ഫോഴ്‌സിന്റെ സാഹസിക ശ്രമത്തിലൂടെ പുതു ജീവന്‍ കിട്ടി.
തത്തയെ രക്ഷിക്കാന്‍ നാട്ടുകാരും ഫയര്‍ ഫോഴ്‌സും രംഗത്തിറങ്ങിയപ്പോള്‍ അത് സഹജീവി സ്‌നേഹത്തിന്റെ മഹാ മാതൃകയായി.
അപകടത്തില്‍പ്പെട്ടു റോഡില്‍ ജീവന് വേണ്ടി യാചിക്കുന്നവരെ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍ ഏറെയുണ്ടാകാം. എന്നാല്‍ കരുണ വറ്റാത്തവര്‍ക്കും ജീവന്റെ വില അറിയുന്നവര്‍ക്കും ഒരു ജീവിയുടെ പ്രാണ വേദന കാണാതെ പോകാനാകില്ല. അത് മനുഷ്യന്റെ ജീവനായാലും മൃഗത്തിന്റെ ആയാലും. ദില്ലിയിലാണ് സംഭവം.
ശിവാജി ബ്രിഡ്ജിനു സമീപത്തെ വൈദ്യുത ഭവന്റെ ബഹുനില കെട്ടിടവും സമീപത്തെ മറ്റു ചില കെട്ടിടങ്ങളും തത്തകളുടെ വിഹാര കേന്ദ്രമാണ്. ഒരു തത്തയുടെ തല മൂന്നാം നിലയിലെ ചുമരിന്റെ വിള്ളലില്‍ കുടുങ്ങി. മറ്റു തത്തകള്‍ നിസ്സഹായരായി ചിറകിട്ടടിച്ചു ചുറ്റും കൂടി. ഇത് കണ്ട് താഴെ തടിച്ചു കൂടിയവരില്‍ ആരോ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് പറന്നെത്തി.
പിന്നീടെല്ലാം നിമിഷ വേഗത്തില്‍. കെട്ടിടത്തിന് മുകളില്‍ കയറി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുരുക്കില്‍ നിന്നും തത്തയെ രക്ഷപെടുത്തി. തത്ത തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്‌സിന് നാട്ടുകാരുടെ കയ്യടി.
https://www.facebook.com/Malayalivartha