218 കോടി രൂപ വിലയുള്ള വജ്രമാല!
റിക്കാര്‍ഡ് തുകയാണ് ലേലത്തിനെത്തിയ ലോകത്തെ ഏറ്റവും വലിയ വജ്രം പതിപ്പിച്ച നെക്ലേസിന് കിട്ടിയത്. ദ ആര്‍ട്ട് ഓഫ് ഗ്രിസോഗോണോ എന്നു പേരിട്ടിരിക്കുന്ന നെക്ലേസിന് 3.4 കോടി ഡോളറാണ് (ഏകദേശം 218 കോടി രൂപ) ലഭിച്ചത്.
ഡയമണ്ട് ശ്രേണിയിലെ ഏറ്റവും അപൂര്‍വമായ ഡി നിറമാണ് ഈ വജ്രത്തിന്. പൂര്‍ണമായും നിറമില്ലാത്ത അവസ്ഥയ്ക്കാണ് ഡി കളര്‍ എന്നു പറയുന്നത്. ഇത്തരം വജ്രങ്ങള്‍ തികച്ചും സുതാര്യമായിരിക്കും. വജ്രത്തിലും മരതകത്തിലും തീര്‍ത്ത നെക്ലേസില്‍ ലോക്കറ്റായാണ് ഈ വജ്രം പതിപ്പിച്ചിരിക്കുന്നത്.
ആരാണ് ഇത്ര വലിയ തുകയ്ക്ക് ഈ മാല വാങ്ങിയത് എന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, നെക്ലേസിന് വിചാരിച്ച അത്രയും തുക ലഭിച്ചിട്ടില്ലെന്നാണ് ലേലം നടത്തിപ്പുകാര്‍ പറയുന്നത്. 2016-ല്‍ അംഗോളയിലെ ഒരു ഖനിയില്‍ നിന്ന് കണ്ടെത്തിയ 44 കാരറ്റ് വജ്രക്കല്ലില്‍ നിന്നാണ് ഈ ഡി ഡയമണ്ട് കൊത്തിയെടുത്തത്.
നിര്‍മാണത്തില്‍ യാതൊരു പിഴവും വന്നിട്ടില്ലാത്ത, നൂറു ശതമാനം ശുദ്ധമായ ഈ വജ്രം 10 കലാകാരന്മാര്‍ ചേര്‍ന്നാണ് രൂപപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ ആഭരണശാല ഈ വജ്രം പതിപ്പിക്കാന്‍ 50 വ്യത്യസ്ത രൂപത്തിലുള്ള നെക്ലേസുകള്‍ നിര്‍മിച്ചിരുന്നു. ഇവയിലൊന്നിലാണ് ഇപ്പോള്‍ വജ്രം പതിപ്പിച്ചിരിക്കുന്നത്.
നെപ്പോളിയനടക്കമുള്ള നിരവധി ഫ്രഞ്ച് ചക്രവര്‍ത്തിമാരുടെ കിരീടത്തില്‍ പതിപ്പിച്ചിരുന്ന പിങ്ക് വജ്രവും ലേലത്തിനെത്തിയിരുന്നു. 1.45 കോടി ഡോളറിനാണ് ഇതു വിറ്റുപോയത്.
https://www.facebook.com/Malayalivartha